തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് കേരള യൂണിവേഴ്‌സിറ്റി വളപ്പിൽ സിപിഎം യൂണിയൻ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ പ്രസംഗിച്ച ജോൺ ബ്രിട്ടാസിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അജണ്ടകൾ നടപ്പിലാക്കാൻ നിയമലംഘനം അവകാശമായി കാണുന്ന ചിലരുണ്ടെന്ന് ഗവർണർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെയും രജിസ്ട്രാറുടെയും വിലക്ക് ലംഘിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്. വിഷയം തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ ആണ് നടപടി എടുക്കേണ്ടത്. പരിപാടി നടത്തരുത് എന്ന കൃത്യമായ നിർദേശം സർവകലാശാല നൽകിയിരുന്നു എന്നും അല്ലാത്ത സാഹചര്യത്തിൽ മാത്രം താൻ ഇടപെട്ടാൽ മതിയെന്നും ഗവർണർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് കാലത്തെ ക്രമസമാധാനം പ്രത്യേകമായി വിലയിരുത്തില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു. താൻ തിരുവനന്തപുരത്ത് തന്നെയുണ്ട്. എല്ലാം സമാധാനപരമായി നടക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. തനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല ആക്രമണമാണ്. അക്രമം ജനാധിപത്യ വിരുദ്ധമാണ്. തനിക്കെതിരെ നടന്ന പ്രതിഷേധങ്ങളെ കുറിച്ച് കേന്ദ്രത്തിന് വിവരമുണ്ട്. ഇക്കാര്യങ്ങൾ താൻ പ്രധാനമന്ത്രിയെ അറിയിച്ചിട്ടില്ല. എന്നാൽ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി.