കാസർകോട് : കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തെറ്റായ ട്രാക്കിൽ ഗുഡ്‌സ് ട്രെയിൻ നിർത്തി. പാസഞ്ചർ ട്രെയിൻ വരുന്ന ഒന്നാം ട്രാക്കിൽ ട്രെയിൻ നിർത്തിയാണ് ലോക്കോ പൈലറ്റ് പോയത്. ഇതോടെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെ പോകേണ്ട പരശുറാം, നേത്രാവതി, മംഗലാപുരം - കോഴിക്കോട് ട്രെയിനുകൾ മൂന്നാം നമ്പർ ട്രാക്കിലൂടെ കടന്നു പോയി. ഇതിനിടയിൽ കുറച്ച് ബോഗികൾ എഞ്ചിനെത്തി നീലേശ്വരത്തേക്ക് മാറ്റിയിട്ടുണ്ട്.
ഡ്യൂട്ടി സമയം കഴിഞ്ഞതോടെ ലോക്കോ പൈലറ്റ് പോയെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലർച്ചെ 2 മണിക്കാണ് ഗുഡ്‌സ് ട്രെയിൻ ഒന്നാം ട്രാക്കിൽ നിർത്തിയിട്ടത്. അതേസമയം ഒരു മണിക്കൂറിനുള്ളിൽ ട്രെയിൻ നീക്കുമെന്ന് റയിൽവേ അധികൃതർ അറിയിച്ചു.
സുരക്ഷ വീഴ്‌ച ഉണ്ടായിട്ടില്ലെന്നും സാധാരണ ചെയ്യുന്ന കാര്യം മാത്രമാണെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. ലോക്കോ പൈലറ്റിനെതിരെ നടപടിയ്‌ക്ക് സാധ്യത ഇല്ലെന്നും ഡ്യൂട്ടി സമയം കഴിഞ്ഞാണ് ലോക്കോ പൈലറ്റ് മടങ്ങിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
റെയിൽപാളത്തിൽ കരിങ്കൽ ചീളുകൾ : ഇതിനിടെ മഞ്ചേശ്വരം ഉപ്പള പെരിങ്കടിയിൽ കരിങ്കൽ ചീളുകൾ റെയിൽപാളത്തിൽ വച്ചതായി കണ്ടെത്തി. 10 മീറ്ററോളം ദൂരത്തിലാണ് കരിങ്കൽ ചീളുകൾ റെയിൽപാളത്തിൽ വച്ചത്. കരിങ്കൽ കഷണങ്ങളുടെ മുകളിലൂടെ ഓടിയ ട്രെയിൻ യാത്രക്കാരിലും നാട്ടുകാരിലും പരിഭ്രാന്തി പരത്തി.
വിവരം ലോക്കോ പൈലറ്റ് ഉടൻ തന്നെ മംഗളൂരു റെയിൽവേ സ്റ്റേഷനിൽ അറിയിച്ചു. ആർപിഎഫ് - റെയിൽവെ ഉദ്യോഗസ്ഥ സംഘം പെരിങ്കടിയിൽ എത്തി പരിശോധന നടത്തി. സമീപത്തെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ കുട്ടികൾ പാളത്തിൽ കല്ല് വച്ചതാണെന്നാണ് സംശയിക്കുന്നത്.
ALSO READ: എഞ്ചിന് തീപിടിച്ചു; ബെംഗളൂരു - കൊച്ചി എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി