കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തിയ 54 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി (Gold Worth Rs 54 Lakh Seized At Karipur). അബുദാബിയില്‍ നിന്നും ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 859 ഗ്രാം സ്വര്‍ണമാണ് മലപ്പുറം പൊലീസ് പിടിച്ചെടുത്തത്. എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തില്‍ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ കോഴിക്കോട് നല്ലളം സ്വദേശി മുനീര്‍ ആണ് പിടിയിലായത്.
സ്വര്‍ണം മിശ്രിത രൂപത്തിലാക്കി മൂന്ന് ക്യാപ്സ്യൂളുകളാക്കി പാക്ക് ചെയ്‌ത് ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ അബുദാബിയില്‍ നിന്നെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് ആഭ്യന്തര വിപണിയില്‍ 54 ലക്ഷത്തിലധികം വില വരും. വിമാനത്താവളത്തിന് പുറത്തുവച്ചാണ് പൊലീസ് സ്വർണം പിടികൂടിയത്.
വിമാനത്താവളത്തിനകത്തെ ആധുനിക എക്‌സ്-റേ സംവിധാനങ്ങളും പരിശോധനകളും മറികടന്നാണ് മുനീർ പുറത്തെത്തിയത്. മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് വിമാനത്താവളത്തിന് പുറത്തുവച്ച് ഇയാളെ കസ്‌റ്റഡിയിലെടുത്തത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടുന്ന പതിനഞ്ചാമത്തെ സ്വര്‍ണക്കടത്ത് കേസാണ് ഇത്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. ഒപ്പം വിശദമായ റിപ്പോര്‍ട്ട് കസ്‌റ്റംസ് പ്രിവന്‍റീവിനും സമര്‍പ്പിക്കും.
ALSO READ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ 4.5 കിലോ സ്വർണവും 9.64 ലക്ഷത്തിന്‍റെ സിഗററ്റും പിടികൂടി