കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്തിന് സമീപം കാരന്തൂരിൽ വീടിൻ്റെ വാതിൽ തകർത്ത് വൻ മോഷണം. കിഴക്കേ മേലെ തടത്തിൽ ക്രിശോഭിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം.
വീട്ടുകാർ ഇന്നലെ വൈകുന്നേരം ആശുപത്രിയിൽ പോയ സമയത്താണ് മോഷണം നടന്നത്. ഇന്ന് രാവിലെ എട്ട് മണിയോടുകൂടി വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിനു മുൻവശത്തെ വാതിലിന്‍റെ പൂട്ട് തകർത്ത നിലയിലായിരുന്നു.
തുടർന്ന് കുന്ദമംഗലം പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 35 പവൻ സ്വർണവും 4000 രൂപയും മോഷണം പോയതായാണ് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞത്. വിരലടയാള വിദഗ്‌ധരും ഡോഗ്‌സ് സ്‌ക്വാഡും പരിശോധന നടത്തി.
Also Read:വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് മോഷണം; 20 പവന്‍റെ സ്വര്‍ണം കവര്‍ന്നു
മെഡിക്കൽ കോളജ് സബ്‌ഡിവിഷൻ അസിസ്റ്റന്‍റ് കമ്മീഷണർ കെഇ പ്രേമചന്ദ്രന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അതേസമയം മാസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ തൊട്ടടുത്ത വീട്ടിലും മോഷണം നടന്നിരുന്നു. അന്ന് മോഷ്‌ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. എന്നാൽ ഇതുവരെയും മോഷ്‌ടാവിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. അടുത്തടുത്ത വീടുകളിൽ ആളില്ലാത്ത സമയം മോഷണം നടന്നതോടെ പ്രദേശവാസികൾ വലിയ ആശങ്കയിലാണ്.