കോട്ടയം: വാകത്താനത്ത് വൻ കഞ്ചാവ് വേട്ട. വിൽപനയ്ക്കായി സൂക്ഷിച്ച 5 കിലോ കഞ്ചാവ് പിടികൂടി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് ചാക്കിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. വാകത്താനം സർക്കാർ ആശുപത്രിയ്ക്ക് സമീപമാണ് സംഭവം.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ ടോണി ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രദേശത്ത് കഞ്ചാവ് വിൽപന വ്യാപകമാണെന്ന രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി മേഖല കേന്ദ്രീകരിച്ച് എക്സൈസ് രഹസ്യ നിരീക്ഷണം നടത്തി വരുകയായിരുന്നു. പുരയിടത്തിലേക്ക് രാത്രിയിൽ പുറത്ത് നിന്നുള്ളവർ കയറിപ്പോവുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറയുന്നു.
മണിക്കൂറുകൾ നീണ്ട പരിശോധനയ്‌ക്കൊടുവിലാണ് ചാക്കിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. പൊതികളിൽ ബോളിന്‍റെ ആകൃതിയിലാക്കി കെട്ടിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഈ സ്ഥലത്തിന് സമീപത്തു നിന്നും കഞ്ചാവ് മാഫിയയിലെ രണ്ട് പ്രധാനികളെ കഞ്ചാവുമായി മുൻപ് എക്സൈസ് പിടികൂടിയിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് എക്സൈസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്‌ടർമാരായ അനു വി ഗോപിനാഥ്, ബൈജു മോൻ കെ സി, അനിൽ കുമാർ കെ കെ, പ്രിവന്‍റീവ് ഓഫിസർ നിഫി ജേക്കബ്, സി വിൽ എക്സൈസ് ഓഫിസർ അനീഷ് രാജ് കെ ആർ, വനിത സിവിൽ എക്സൈസ് ഓഫിസർ സബിത കെ വി, എക്സൈസ് ഡ്രൈവർ ജോഷി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Also Read: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; യുവാവ് എക്‌സൈസിന്‍റെ പിടിയിൽ