കോഴിക്കോട്: കുന്ദമംഗലത്ത് അനാഥയായ സ്‌ത്രീയെ ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിക്കുകയും മുഖത്തു ചൂടുവെള്ളം ഒഴിച്ചതിനുശേഷം മർദ്ദിക്കുകയും ചെയ്‌ത കേസിലെ പ്രതികളെ കുന്ദമംഗലം പൊലീസ് പിടികൂടി. രണ്ട് വർഷത്തിന് ശേഷമാണ് പ്രതികൾ പിടിയിലാകുന്നത്. മലപ്പുറം കൊണ്ടോട്ടി പാറയിൽ വീട്ടിൽ പി മുഹമ്മദ് ഷാഫി (30), പട്ടാമ്പി പരദൂർ മാർക്കശ്ശേരി വീട്ടിൽ മുഹമ്മദ് ഷെബീൽ (28), മലപ്പുറം കൊണ്ടോട്ടി വല്ലിയിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (28) എന്നിവരാണ് പിടിയിലായത്.
2022 ജൂണിലാണ് ഫോൺ വഴി പരിചയപ്പെട്ട അനാഥയായ സ്‌ത്രീയെ കുന്ദമംഗലത്തെ ഫ്ലാറ്റിൽ എത്തിച്ച് യുവാക്കൾ പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്‌തത്. സംഭവത്തിന് ശേഷം ഒന്നര വർഷമായി അബോധാവസ്ഥയിലായിരുന്ന സ്ത്രീ സാധാരണ നിലയിലേക്കെത്തിയതിന് ശേഷം കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇൻസ്പെക്‌ടർ എസ് ശ്രീകുമാർ ഇരയുടെ മൊഴി രേഖപ്പെടുത്തിയതിനെത്തുടർന്നാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്.
മൊബൈൽ നമ്പർ മാറ്റിയതും വിലാസം മാറിയതും പ്രതികളെ കണ്ടെത്താൻ ബുദ്ധിമുട്ടായി. കുറച്ചു ദിവസങ്ങളായി പ്രതികൾ മുൻപ് താമസിച്ച സ്ഥലത്ത് രഹസ്യമായി അന്വേഷണം നടത്തി പ്രതികളിലേക്ക് എത്തിച്ചേരുകയും ശേഷം ഇരയെ ഫോട്ടോ കാണിച്ചു തിരിച്ചറിയുകയുമായിരുന്നു. പിന്നീട് മൂന്ന് ടീമായി തിരിഞ്ഞു കൊണ്ടോട്ടി, കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിൽ അന്വേഷണം നടത്തി പ്രതികളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
കുന്ദമംഗലം പൊലീസ് ഇൻസ്പെക്‌ടർ എസ് ശ്രീകുമാർ, എസ് ഐ മാരായ സനീത്, സന്തോഷ്, വി കെ സുരേഷ്, എ എസ് ഐ ലീന, എസ് സി പി ഒ മാരായ വിക്ഷോബ്, പ്രമോദ്, അജീഷ്, സിപിഒ വിപിൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്‌തു.
Read More : നവജാത ശിശുവിനെ എറിഞ്ഞുകൊന്ന സംഭവം : അമ്മയുടെ സുഹൃത്തിനെതിരെ കേസ്, നടപടി പീഡന പരാതിയില്‍