തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിക്കുള്ള കാലതാമസം തെളിവുകൾ നഷ്‌ടപ്പെടാൻ കാരണമാകുമെന്ന് സംസ്ഥാന പൊലീസ് മുൻ മേധാവി ടിപി സെൻകുമാർ. റിപ്പോർട്ടിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ നേരത്തെ കേസ് രജിസ്‌റ്റർ ചെയ്യാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ടിപി സെൻകുമാർ.
സംഭവത്തിൽ നേരത്തെ അന്വേഷണം ആരംഭിക്കാമായിരുന്നുവെന്നും വീണ്ടും പരാതി നൽകണമെന്ന നിർദേശം ആവശ്യമില്ലായിരുന്നുവെന്നും ടിപി സെൻകുമാർ പറഞ്ഞു. ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം വന്ന സാഹചര്യത്തിൽ ഇനി പരാതികൾ വന്നാലേ നടപടിയെടുക്കാനാകൂ എന്ന സ്ഥിതിയാണ്. അന്വേഷണ സംഘം നിലവിൽ വരുന്നതിന് മുൻപ് കേസെടുക്കാമായിരുന്നു എന്നും ടിപി സെൻകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ഹേമ കമ്മിറ്റിയിൽ കൊടുത്തിരിക്കുന്ന തെളിവുകൾ അതായത് വാട്‌സ് ആപ്പ് ചാറ്റുകളും യുഎസ്ബിയും പോലെയുള്ളവ പിടിച്ചെടുത്ത് അന്വേഷണ സംഘത്തിന് കോടതിയിൽ സമർപ്പിക്കാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമം അനുസരിച്ച് നീങ്ങുകയാണെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ടായിരുന്ന ഒന്നും നഷ്‌ടപ്പെടാൻ സാധ്യതയില്ല എന്നും ടിപി സെൻകുമാർ കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ഓഗസ്‌റ്റ് 19 നാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടത്. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായാണ് സർക്കാർ കമ്മിഷനെ നിയമിച്ചത്. 2018 മെയിലാണ് കമ്മിറ്റി രൂപീകരിച്ചത്. രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സര്‍ക്കാര്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിഷനെ നിയോഗിക്കുന്നത്.
ഒന്നരവര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31ന് ഹേമ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്‌തു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ പ്രസ്‌തുത റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.