കോഴിക്കോട്: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എംടി പത്മ (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മുംബൈയിൽ മകൾക്കൊപ്പമായിരുന്നു ഏറെ നാളായി താമസം. മൃതദേഹം നാളെ (നവംബർ 13) കോഴിക്കോട്ടെത്തിക്കും.
1991ലെ കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്-ഗ്രാമ വികസന-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു. 1987, 1991 വർഷങ്ങളിൽ എട്ടും ഒൻപതും കേരള നിയമസഭകളിൽ കൊയിലാണ്ടിയിൽ നിന്നുള്ള അംഗവുമായിരുന്നു. കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിതായിരുന്നു എംടി പത്മ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിയമത്തിൽ ബിരുദവും ആർട്‌സിൽ ബിരുദാനാന്തര ബിരുദവും നേടിയ പത്മ കോൺഗ്രസിന്‍റെ വിദ്യാർഥി പ്രസ്ഥാനമായ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ്, കെപിസിസി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1999ൽ പാലക്കാട് നിന്നും 2004ൽ വടകരയിൽ നിന്നും ലോക്‌സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെ കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ അതിലേക്ക് പോയ പത്മ പിന്നീട് കോൺഗ്രസിലേക്ക് തിരിച്ചു വന്നു. 2013ൽ കോഴിക്കോട് കോർപ്പറേഷനിലേക്ക് കോൺഗ്രസ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്‌തു.
Also Read: കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപ്പകവാടി അന്തരിച്ചു