ഇടുക്കി: ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ മുറിവാലൻ കൊമ്പന് ആശ്വാസമായി വനം വകുപ്പ്. അവശനിലയിലായ മുറിവാലൻ കൊമ്പൻ എന്ന ഒറ്റയാന് വനം വകുപ്പിന്‍റെ നേതൃത്വത്തിൽ ചികിത്സ ആരംഭിച്ചു. ഓഗസ്‌റ്റ് 21-നാണ് മുറിവാലൻ കൊമ്പനെ ചക്കക്കൊമ്പൻ ആക്രമിച്ചത്. ആക്രമണത്തിൽ മുറിവാലൻ കൊമ്പൻ്റെ പിൻഭാഗത്ത് 15 ഇടത്ത് ആഴത്തിൽ മുറിവേറ്റിരുന്നു.
പരിക്കേറ്റതിനെ തുടർന്ന് ഇടത് കാലിൻ്റെ സ്വധീനം നഷ്‌ടപ്പെട്ട മുറിവാലൻ കൊമ്പനെ ഒരാഴ്‌ചയായി വനംവകുപ്പ് നിരീക്ഷിച്ച് വരുകയായിരുന്നു. ഇന്നലെ ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ കൊമ്പനെ അവശനിലയിൽ കണ്ടെത്തി. തുടർന്ന് വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അനുരാജിന്‍റെ നേതൃത്വത്തിൽ കൊമ്പനെ പരിശോധിച്ചു. കിടപ്പിലായ മുറിവാലൻ കൊമ്പൻ വെള്ളം കുടിക്കുന്നുണ്ടെന്ന് ഡോക്‌ടർ പറഞ്ഞു.
ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ ഏറ്റുമുട്ടൽ പതിവാണ്. ചക്കക്കൊമ്പൻ്റെ കുത്തേറ്റ് മുറിവേറ്റ ഭാഗം പഴുത്തതാണ് ഒറ്റയാൻ അവശനിലയിലാകാൻ കാരണമെന്നാണ് വനം വകുപ്പിന്‍റെ പ്രാഥമിക നിഗമനം. മുറിവുണങ്ങാൻ മരുന്ന് കൊടുത്തതായി ദേവികുളം റേഞ്ച് ഓഫിസർ പിവി വെജി പറഞ്ഞു. മൂന്നാർ എസിഎഫ് ജോബ് ജെ നേര്യംപറമ്പിൽ സ്ഥലം സന്ദർശിച്ചു.
ചിന്നക്കനാൽ മേഖലയിൽ അരിക്കൊമ്പൻ, മുറിവാലൻ കൊമ്പൻ, ചക്കക്കൊമ്പൻ എന്നീ മൂന്ന് ഒറ്റയാൻമാരാണ് ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്നത്. 7 പേരെ കൊലപ്പെടുത്തിയ അരിക്കൊമ്പനെ 2023 ഏപ്രിൽ 29ന് മയക്കുവെടി വച്ച് പിടികൂടി ഇവിടെ നിന്ന് ആദ്യം പെരിയാർ വന്യജീവി സങ്കേതത്തിലേക്കും പിന്നീട് തിരുനെൽവേലി കോതയാർ വനമേഖലയിലേക്കും മാറ്റി.
അതിനുശേഷവും കാട്ടാന ആക്രമണത്തിൽ ചിന്നക്കനാലിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. അരിക്കൊമ്പനെ കാട് കടത്തിയ ശേഷം മുറിവാലൻ കൊമ്പനും ചക്കക്കൊമ്പനും തമ്മിൽ ഏറ്റുമുട്ടൽ സ്ഥിരമായിരുന്നു. എങ്കിലും ആദ്യമായാണ് മുറിവാലൻ കൊമ്പന് ഗുരുതര പരുക്കേൽക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രായപൂർത്തിയായ ഒറ്റയാന്മാരിൽ ചക്കക്കൊമ്പൻ മാത്രമാണ് ഇനി ചിന്നക്കനാൽ വനമേഖലയിലുള്ളത്. ഇത് കൂടാതെ പിടിയാനക്കൂട്ടത്തോടൊപ്പമുള്ള 3 കുട്ടിക്കൊമ്പൻമാരും ചിന്നക്കനാൽ മേഖലയിലുണ്ട്.
Also Read: കാഞ്ഞിരവേലിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി