എറണാകുളം: ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാനദണ്ഡങ്ങല്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ വനംവകുപ്പ് കേസെടുത്തു. ക്ഷേത്രോത്സവത്തിനിടെ ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും ആനകളും ആളുകളും തമ്മില്‍ എട്ടു മീറ്റര്‍ അകലവും പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തില്‍ ഈ അകലം പാലിച്ചില്ലെന്ന് വനംവകുപ്പ് പരിശോധനയിൽ കണ്ടെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള അകലം പാലിച്ച് 15 ആനകളെ എഴുന്നള്ളിച്ചായിരുന്നു തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ഇത്തവണ വൃശ്ചികോത്സവം തുടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെ ക്ഷേത്രത്തിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനപ്പന്തലിൽ ആനകളെ നിർത്താനുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്തിയിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ഹൈക്കോടതി നിർദ്ദേശം പാലിക്കപ്പെടില്ലന്നാണ് വനംവകുപ്പ് കണ്ടെത്തിയത്.
ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കണമെന്ന കോടതിയുടെ നിയന്ത്രണത്തിൽ ഇളവുതേടി കൊച്ചിൻ ദേവസ്വം ബോർഡ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രണ്ട് ആനകൾ തമ്മിൽ മൂന്ന് മീറ്റർ പരിധിയെന്ന മാനദണ്ഡത്തിൽ ഒരിളവും ഉണ്ടാകില്ലെന്ന് കോടതി നിലപാട് എടുത്തിരുന്നു.
ആന എഴുന്നള്ളിപ്പ് ക്ഷേത്രാചാരത്തിന്‍റെ ഭാഗമല്ലെന്നും ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും ഹൈക്കോടതി പരാമർശം നടത്തിയിരുന്നു. രാജാവിന്‍റെ കാലം മുതൽ നടക്കുന്നുവെന്നതിന്‍റെ പേരിൽ ഇളവ് അനുവദിക്കാനാകില്ല. രാജവാഴ്‌ച അവസാനിച്ച് ജനാധിപത്യ ഭരണ സംവിധാനമാണ് ഇപ്പോൾ നിലനിൽക്കുന്നത്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Also Read: 'ഉദയാസ്‌തമന പൂജ ആചാരമല്ല': ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ച് ഗുരുവായൂര്‍ ദേവസ്വം