കോഴിക്കോട് : കുന്ദമംഗലത്ത് യുവാവിനെ വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ അഞ്ച് പ്രതികളെ കുന്ദമംഗലം പൊലീസ് അറസ്‌റ്റ് ചെയ്‌തു. കുന്ദമംഗലം സ്വദേശികളായ ജറിൻ, ജിതിൻ, അഭിനേഷ്, ചെലവൂർ സ്വദേശി സജിനീഷ് ,മേരിക്കുന്ന് സ്വദേശി സുബിലേഷ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. പ്രതികളിൽ ഒരാളുടെ ഭാര്യയെ നിരന്തരം ശല്യം ചെയ്‌തതിനെ തുടർന്ന് യുവാവിനെ വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയി മർദിച്ചു എന്നാണ് പിടിയിലായവർ പറഞ്ഞത്.
നിരവധി തവണ താക്കീത് ചെയ്‌തിട്ടും ശല്യം തുടർന്നതാണ് തട്ടി കൊണ്ടുപോകലിനും മർദനത്തിനും വഴി തെളിയിച്ചത്. ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ നിൽക്കുമ്പോൾ ജീപ്പിൽ കയറ്റി ഇരുമ്പു വടി ഉപയോഗിച്ച് മർദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്‌തു എന്നാണ് യുവാവ് പൊലീസിന് നൽകിയ പരാതി.
പരിക്കേറ്റയുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തട്ടിക്കൊണ്ടുപോകൽ , സംഘം ചേർന്ന് മർദിച്ചു പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസടുത്തത്. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അറസ്‌റ്റ് ചെയ്‌ത അഞ്ചു പ്രതികളും ബന്ധുക്കളാണ്.