കാസർകോട്: നീലേശ്വരത്ത് ശക്തമായ കാറ്റിലും മഴയിലും പെട്ട് പുലിമുട്ടിലിടിച്ച മത്സ്യ ബന്ധന ബോട്ട് തകര്‍ന്നു. തൈക്കടപ്പുറത്ത് പുഴയിൽ നങ്കൂരമിട്ട കാർത്തിക എന്ന ബോട്ടാണ് തകര്‍ന്നത്. ഇന്ന് (മെയ് 24) രാവിലെയുണ്ടായ ശക്തമായ മഴയിലാണ് സംഭവം. ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ ബോട്ട് പുലിമുട്ടില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. ചെറുവത്തൂർ മടക്കര സ്വദേശി ശ്രീനാഥിന്‍റെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ന്ന ബോട്ട്.
ജില്ലയില്‍ മഴ ശക്തമായി തന്നെ തുടരുകയാണ്. മഴക്കൊപ്പമുള്ള ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്‌ടങ്ങളാണുണ്ടായിട്ടുള്ളത്. വിവിധയിടങ്ങളില്‍ റോഡുകളില്‍ വെള്ളക്കെട്ട് ഉയര്‍ന്ന് ഗതാഗത തടസപ്പെട്ടു. ഉദുമയില്‍ മിന്നലേറ്റ് പശു ചത്തു. പാല്‍ കറക്കുന്നതിനിടെയാണ് പശുവിന് മിന്നലേറ്റത്. തൊട്ടടുത്തുണ്ടായിരുന്ന വീട്ടമ്മ രക്ഷപ്പെട്ടു.
ജില്ലയിലെ വിവിധയിടങ്ങളിലേക്കുള്ള വൈദ്യുതി വിതരണവും താറുമാറായി. ശക്തമായ മഴയില്‍ താരം തട്ടടുക്ക ഗവ. എൽ പി സ്‌കൂളിന്‍റെ ചുറ്റുമതില്‍ തകര്‍ന്നു. കുണ്ടംകുഴി-മൂന്നാംകടവ് റോഡരികിലുള്ള മതിലാണ് ഇടിഞ്ഞത്. മതില്‍ ഇടിഞ്ഞതോടെ ചെങ്കല്ലുകള്‍ റോഡിലേക്ക് പതിച്ചത് വന്‍ ഗതാഗത കുരുക്കിന് കാരണമായി.
Also Read: പന്തീരാങ്കാവിൽ നാഷണൽ ഹൈവേയുടെ സർവീസ് റോഡ് ഇടിഞ്ഞു ; വീടുകളും അമ്പലവും തകർന്നു