തിരുവനന്തപുരം : സ്വകാര്യ ടൂറിസ്റ്റ് ബസുകളിൽ തീപിടിത്തം തടയുന്നതിന് കേന്ദ്ര സർക്കാർ നിർബന്ധമാക്കിയ ഫയർ സുരക്ഷ അലാറം ഒഴിവാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിൽ നിന്ന് ഉദ്യോഗസ്ഥർക്ക് വക്കാൽ നിർദേശം. വാട്‌സ്ആപ്പിലൂടെയാണ് ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗതാഗത മന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് ഇളവ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
കേന്ദ്ര നിയമം മറികടന്ന് ഇളവ് നൽകാനാകാത്തതിനാൽ സ്വകാര്യ ബസ് ഉടമകളെ സഹായിക്കാനാണ് വാട്‌സ്ആപ്പിലൂടെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് സൂചന. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് 135 പ്രകാരം 2023 ഒക്ടോബറിന് ശേഷം പുതുതായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ, ടൂറിസ്റ്റ് ബസുകളിൽ ഫയർ സുരക്ഷ അലാറം നിർബന്ധമാക്കിയിട്ടുണ്ട്. ബസുകളിൽ ഷോർട്ട് സർക്യൂട്ട്, അഗ്നിബാധ, എഞ്ചിൻ ഭാഗത്ത് അമിതമായ ചൂട് എന്നിവ അനുഭവപ്പെട്ടാൽ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നതാണ് ഈ സംവിധാനം.
കേന്ദ്ര നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സ്വകാര്യ കോൺട്രാക്‌ട് കാരേജുകളിൽ ഈ സംവിധാനം നിർബന്ധമാക്കിയിരുന്നു. എന്നാൽ ഈ ഉപകരണം കിട്ടാനില്ലെന്ന വാദം ബസ് ഉടമകൾ ഉയർത്തി നിവേദനം നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് വാക്കാൽ നിർദേശം നൽകിയതെന്നാണ് വിവരം.