കോഴിക്കോട്: കളിക്കുന്നതിനിടെ പതിനാലുകാരിയുടെ കൈവിരലിൽ കുടുങ്ങിയ മോതിരം സുരക്ഷിതമായി അഴിച്ചെടുത്ത് മുക്കം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ. കാരശേരി സ്വദേശിയായ ഷേസ ബിൻതിൻ്റെ കൈവിരലിലെ മോതിരമാണ് ഉദ്യോഗസ്ഥര്‍ മുറിച്ച് മാറ്റിയത്. ഇന്ന് (ഓഗസ്റ്റ് 13) രാവിലെയാണ് സംഭവം.
വിരലില്‍ മോതിരം കുടുങ്ങിയതായി ഇന്ന് രാവിലെയാണ് ഷേസ കുടുംബത്തെ വിവരം അറിയിച്ചത്. ഇതോടെ ആദ്യം മുക്കത്തെ ജ്വല്ലറിയില്‍ കുട്ടിയെ എത്തിച്ചു. ജ്വല്ലറിയിലെ ജീവനക്കാര്‍ ഏറെ നേരം ശ്രമിച്ചിട്ടും മോതിരം ഊരിമാറ്റാനോ മുറിച്ചെടുക്കാനോ സാധിച്ചില്ല. മാത്രമല്ല മോതിരം അണിഞ്ഞ വിരലില്‍ കഠിന വേദനയും അനുഭവപ്പെട്ടു തുടങ്ങി. ഇതോടെ കുടുംബം ഫയര്‍ഫോഴ്‌സിന്‍റെ സഹായം തേടുകയും കുട്ടിയെ ഫയര്‍ ഫോഴ്‌സ് ഓഫിസിലെത്തിക്കുകയും ചെയ്‌തു.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ആദ്യം ഷേസയെ ആശ്വസിപ്പിക്കുകയും കട്ടറിൻ്റെയും സ്പൈഡറിൻ്റെയും സഹായത്തോടെ മോതിരം മുറിച്ച് മാറ്റുകയും ചെയ്‌തു. സ്റ്റേഷൻ ഓഫിസർ അബ്‌ദുൽ ഗഫൂറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മോതിരം മുറിച്ച് മാറ്റിയത്. തൻ്റെ വിരലിൽ കുടുങ്ങിയ മോതിരം സുരക്ഷിതമായി അഴിച്ചെടുത്ത മുക്കം ഫയർഫോഴ്‌സ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞാണ് ഷേസ ബിൻതും കുടുംബവും മടങ്ങിയത്.
Also Read: പതിമൂന്നുകാരന്‍റെ വിരലിൽ മോതിരം കുടുങ്ങി; രക്ഷകരായത് ഫയർ ഫോഴ്‌സ്- വീഡിയോ കാണാം