കോഴിക്കോട് : ചെറുവണ്ണൂരിൽ ആക്രിക്കടയ്ക്ക് തീ പിടിച്ചു. ചെറുവണ്ണൂർ മല്ലിക സിനിമ തിയേറ്ററിന് എതിർവശത്തുള്ള ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. ഇന്നലെ (ഏപ്രിൽ 16) വൈകുന്നേരം മൂന്ന് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ് മീഞ്ചന്ത അഗ്നി ശമനസേന സ്ഥലത്തെത്തി തീ അണച്ചു.
എന്നാൽ ഇവിടെ കൂട്ടിയിട്ട സാധന സാമഗ്രികളിലേക്ക് തീ പടർന്നതോടെ തീ അണയ്ക്കൽ വലിയ പ്രയാസം സൃഷ്‌ടിച്ചു. തുടർന്ന് ഹിറ്റാച്ചി സ്ഥലത്തെത്തിച്ച് സാധനങ്ങൾ മറിച്ചിട്ട ശേഷമാണ് വെള്ളം പമ്പ് ചെയ്‌ത് തീ അണയ്ക്കാനായത്. വൈകുന്നേരം ഏഴ് മണിയോട് കൂടിയാണ് തീ പൂർണമായും നിയന്ത്രണ വിധേയമായത്.
തീപിടിത്തത്തിൽ ആക്രിക്കടയുടെ മേൽക്കൂരയും മറ്റ് സാധനസാമഗ്രികളും പൂർണമായും, കെട്ടിടം ഭാഗികമായും കത്തി നശിച്ചു. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നാശനഷ്‌ടമാണ് കടയുടമയ്ക്ക് ഉണ്ടായത്. ഫയർ സ്‌റ്റേഷൻ ഓഫിസർ എം കെ പ്രമോദ്, അസിസ്‌റ്റന്‍റ് സ്‌റ്റേഷൻ ഓഫിസർ സുനിൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാർ, സിവിൽ ഡിഫൻസ് വൊളണ്ടിയർമാർ, മിത്ര വൊളണ്ടിയർമാർ, ചെറുവണ്ണൂർ ദുരന്ത നിവാരണ സേനാംഗങ്ങൾ, നാട്ടുകാർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.
കോഴിക്കോട് ഞെളിയൻ പറമ്പിൽ തീപിടിത്തം : ഞെളിയൻ പറമ്പിൽ ജൈവ വളമാക്കാൻ സൂക്ഷിച്ച് വച്ചിരുന്ന ജൈവ വേസ്‌റ്റിന് തീ പിടിച്ചു. ഏപ്രിൽ 14 ന് രാത്രി പത്ത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പ്ലാന്‍റിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് പരിസരവാസികൾ മീഞ്ചന്ത അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.
ഗ്രേഡ് അസിസ്‌റ്റന്‍റ് സ്‌റ്റേഷൻ ഓഫിസർ ഇ ശിഹാബുദ്ദീൻ്റെ നേതൃത്വത്തിൽ ഫയർ റസ്ക്യൂ ടീം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രാത്രി 11 മണിയോടെയാണ് തീ അണച്ചത്. ഓഫിസർമാരായ പി കെ അജികുമാർ, കെ എം ജിഗേഷ്, സി അൻവർ സാദിഖ്, ഹോം ഗാർഡ് കെ ശ്രീകാന്ത് എന്നിവരാണ് തീ അണയ്ക്കുന്നതിന് നേതൃത്വം നൽകിയത്. തീപിടിത്തം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി അണക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.