തിരുവനന്തപുരം : കൊല്ലത്ത് നിന്നും മാലദ്വീപിലേക്ക് യാത്രക്കാരുമായി പ്രതിദിന ക്രൂയിസ് കപ്പല്‍ സര്‍വീസിന് താത്പര്യം പ്രകടിപ്പിച്ച് സ്വകാര്യ കമ്പനികള്‍ കേരള മാരിടൈം ബോർഡിനെ സമീപിച്ചു. ഇതോടെ സർവീസ് ആരംഭിക്കാനുള്ള നീക്കങ്ങളുമായി സർക്കാരും രംഗത്തെത്തി.
ദക്ഷിണ ലക്ഷദ്വീപില്‍ നിന്നും കൊല്ലത്തേക്ക് 448 നോട്ടിക്കല്‍ മൈല്‍ മാത്രമാണ് ദൂരം. ഇത് കണക്കിലെടുത്ത്, ലക്ഷദ്വീപിലേക്കും യാത്രാക്കപ്പല്‍ സര്‍വീസിന്‍റെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ഇതിനായി നീണ്ടകര മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തൊഴിലാളി യൂണിയനുകള്‍, സ്വകാര്യ സംരംഭകര്‍, തുറമുഖ അധികൃതര്‍ എന്നിവർ കൊല്ലം പോര്‍ട്ട് ഓഫിസര്‍ അരുണ്‍ കുമാറിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നതായി കേരള മാരിടൈം ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഷൈന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യോഗത്തില്‍ രണ്ട് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ മാലദ്വീപിലേക്കും ലക്ഷദ്വീപിലേക്കും സര്‍വീസ് നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ഇതുവരെ ഔദ്യോഗികമായി താത്പര്യപത്രം നല്‍കിയിട്ടില്ലെന്നും ഷൈന്‍ വ്യക്തമാക്കി. കേരള മാരിടൈം ബോര്‍ഡിന്‍റെ നിയന്ത്രണത്തിലുള്ള ഏറ്റവും ആഴം കുറഞ്ഞ നോണ്‍ മേജര്‍ തുറമുഖമാണ് കൊല്ലം.
ഏഴ് മീറ്റര്‍ ആഴമുള്ള തുറമുഖത്തിന് 101 മീറ്റര്‍ നീളമുള്ള പാസഞ്ചര്‍ ബെര്‍ത്തും 187 മീറ്റര്‍ നീളമുള്ള കാര്‍ഗോ ബെര്‍ത്തുമുണ്ട്. 35 മുതല്‍ 40 ടണ്‍ വരെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ക്രെയിന്‍ സംവിധാനവും തുറമുഖത്തുണ്ട്. നിലവില്‍ കേരളത്തില്‍ നിന്നും മാലദ്വീപിലേക്ക് കപ്പല്‍ സര്‍വീസില്ല.
ലക്ഷദ്വീപിലേക്ക് കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നും മാത്രമാണ് സര്‍വീസുള്ളത്. കൊല്ലത്ത് നിന്നും സർവീസ് ആരംഭിച്ചാൽ അതിന് മികച്ച പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അന്താരാഷ്ട്ര കപ്പല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടതിനാല്‍ മാലദ്വീപിലേക്ക് സര്‍വീസ് നടത്താന്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിലെ ഡയറക്‌ടര്‍ ജനറലില്‍ നിന്നും അനുമതി ആവശ്യമാണ്.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എല്ലാ സൗകര്യങ്ങളും കൊല്ലം തുറമുഖത്ത് സജ്ജമാണെന്നും കേരള മാരിടൈം ബോര്‍ഡ് സി ഇ ഒ പറഞ്ഞു. പ്രായോഗികമായാല്‍ തെക്കന്‍ കേരളത്തില്‍ നിന്നും ലക്ഷദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍.
Also Read: കൊല്ലം തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷം; സന്ദർശകർക്ക് ബീച്ചിൽ നിയന്ത്രണം