എറണാകുളം: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌ത ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസ്. കാക്കനാട് ഇൻഫോപാർക്ക് പൊലീസ് ആണ് താരത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് തനിക്ക് പണം അയക്കാൻ താല്‍പര്യം ഇല്ല. അല്ലാതെ തന്നെ വീട് നഷ്‌ടപ്പെട്ടവർക്ക് വീട് വച്ച് നൽകും എന്നതായിരുന്നു മാരാരുടെ പോസ്റ്റിന്‍റെ സംഗ്രഹം.
മാത്രമല്ല സർക്കാരിനെ വിമർശിക്കുന്ന തരത്തിൽ നിരവധി പോസ്റ്റുകൾ ഇതിനോടകം അഖിൽ മാരാർ പബ്ലിഷ് ചെയ്‌തു കഴിഞ്ഞു. അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ വലിയ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. പ്രതിസന്ധി സമയത്ത് ഇത്തരം വിലകുറഞ്ഞ അഭിപ്രായപ്രകടനങ്ങൾ മനുഷ്യത്വരഹിതമാണെന്ന തരത്തിലുള്ള മറുപടികളും പോസ്റ്റിന് താഴെയുള്ള കമന്‍റ് ബോക്‌സിൽ തെളിയുന്നുണ്ട്.