ആലപ്പുഴ: രാജ്യത്ത് ഇന്ത്യ മുന്നണിക്കും കേരളത്തിൽ യുഡിഎഫിനും അനുകൂലമായ തരംഗമുണ്ടെന്നും അതുകൊണ്ടുതന്നെ തികഞ്ഞ ആത്മവിശ്വാസത്തിലും ശുഭപ്രതീക്ഷയിലും ആണ് തങ്ങളുള്ളതെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞു. കേരളത്തിന്‍റെ നിലവിലെ സാഹചര്യങ്ങളും യുഡിഎഫിന് പൂര്‍ണ്ണ പ്രതീക്ഷ നല്‍കുന്നു. വിദ്വേഷ പ്രസംഗത്തില്‍ മോദിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കാത്തതും, ഒരു നോട്ടീസ് പോലും കൊടുക്കാന്‍ കമ്മീഷന്‍ ഇതുവരെ തയ്യാറാകാത്തതും അങ്ങേയറ്റം ഉത്കണ്‌ഠയോടെയാണ് രാജ്യം നോക്കി കാണുന്നത്. പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഒന്നും ബാധകമല്ലെന്നുള്ള നിലയായി. ജനാധിപത്യത്തെക്കുറിച്ചുള്ള ജനങ്ങൾക്കുള്ള ആശങ്ക വര്‍ദ്ധിക്കുകയാണെന്നും കെ സി പറഞ്ഞു.
രാജീവ് ഗാന്ധിയ്ക്ക് എതിരായുള്ള പി വി അന്‍വറിന്‍റെ പ്രസംഗം മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്‌തതാണ്. അതിനകത്ത് രാഷ്ട്രീയം പറഞ്ഞിട്ടില്ല. രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ഒരാള്‍ക്കെതിരെ പറയുമ്പോള്‍ തള്ളിപ്പറയുന്നതിനു പകരം പാര്‍ട്ടിയും മുഖ്യമന്ത്രിയും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
രാജീവ് ഗാന്ധിയെ അധിക്ഷേപിച്ചത് ഏറ്റവും സങ്കടകരമായ കാര്യമാണ്. അൻവറിന്‍റെ ആ പ്രസംഗം ജനങ്ങള്‍ക്ക് മുന്നിലുണ്ട്. മോശം പരാമർശം നടത്തിയ പി വി അൻവറിനെ തള്ളിപ്പറയുന്നതിനോ തിരുത്തിപ്പിക്കുന്നതിനോ പകരം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അദ്ദേഹത്തെ ന്യായീകരിക്കുകയാണ്. ഈ രാഷ്‌ട്രീയ ഡിഎൻഎ എന്താണെന്നുള്ളത് ഗോവിന്ദൻ മാസ്‌റ്റർ തന്നെ വ്യക്തമാക്കണം. ഒരുപാട് ഡികഷ്‌ണറി നോക്കി മറുപടി പറയുന്നയാളല്ലേ ഗോവിന്ദൻ മാസ്റ്റർ എന്നും കെസി വേണുഗോപാൽ പരിഹാസ രൂപേണ ചോദിച്ചു.
ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കരിമണല്‍ ഖനനം പൂര്‍ണ്ണമായും നിര്‍ത്തിവെക്കുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടാകും. 2003 മുതല്‍ അനധികൃത ഖനനത്തിനെതിരെ താനും യുഡിഎഫും സമരമുഖത്തുണ്ടെന്നും കെ സി വ്യക്‌തമാക്കി. മനുഷ്യചങ്ങല ഉള്‍പ്പടെയുള്ള പ്രതിഷേധ സമരങ്ങള്‍ക്ക് യുഡിഎഫാണ് നേതൃത്വം നല്‍കിയത്. ഐആര്‍ഇഎലിന്‍റെ മറവിലാണ് കരിമണല്‍ ഖനനം നടക്കുന്നത്. ഐആര്‍ഇലിനെ നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരും. 10 വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് മോദി സര്‍ക്കാരാണ്.
ഖനനത്തിനെതിരായ നടപടി എടുക്കാതെ അമിത്ഷാ ആലപ്പുഴയില്‍ എത്തി കരിമണല്‍ ഖനനത്തില്‍ കോണ്‍ഗ്രസിനെ പഴിചാരുന്നു. അമിത്ഷാ പ്രസംഗിക്കുകയല്ല വേണ്ടത്. ഒരു കാരണവശാലും ഖനനം അനുവദിക്കാതിരിക്കുകയാണ്. കരിമണല്‍ ഖനനത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ആണെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.