കോഴിക്കോട്: ഓരോ വർഷവും മാവൂർ പാടത്തെ മണ്ണിൽ കൃഷിയിറക്കുമ്പോൾ മരക്കാർ ബാവയുടെ മനസിൽ ഒരു പ്രാർത്ഥന മാത്രമായിരുന്നു. ഇത്തവണയെങ്കിലും കീടബാധയില്ലാതെ തൻ്റെ കൃഷി വിളവെടുക്കാൻ കഴിയണമെന്ന്. അതിനുവേണ്ടി പ്രാർത്ഥനയ്ക്ക് പുറമേ പലവിധത്തിലുള്ള കീടനാശിനി പ്രയോഗങ്ങളും സൂത്രങ്ങളും മരക്കാർ ബാവ തൻ്റെ കൃഷിയിടത്തിൽ പരീക്ഷിച്ചു.
എന്നാൽ കീടബാധയ്ക്ക് ഒരു പരിഹാരവും ഉണ്ടായില്ലെന്നതാണ് മരക്കാർ ബാവയുടെ അനുഭവം.
അങ്ങനെയിരിക്കെയാണ് കർണാടകയിൽ നിന്നും എത്തിച്ച ബാരിക്‌സ് സ്‌റ്റിക്കർ പ്രയോഗം അവസാനമായി ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചത്. ഒരാഴ്‌ച മുൻപ് എത്തിച്ച ബാരിക്‌സ് സ്‌റ്റിക്കർ മൂന്ന് ദിവസം മുമ്പാണ് മരക്കാർ ബാവ മാവൂർ പാടത്തെ തണ്ണിമത്തൻ തോട്ടത്തിലും കണിവെള്ളരി തോട്ടത്തിലും വെച്ചത്. നൂറ് ശതമാനവും ഫലപ്രദമാണെന്നാണ് മാവൂർ പാടത്തെ അനുഭവസാക്ഷ്യം.
മഞ്ഞയും നീലയും നിറത്തിലുള്ള ചെറിയ കവറുകളാണ് ബാരിക്‌സ് സ്‌റ്റിക്കർ എന്നു പേരുള്ള ഈ കീടക്കെണി.
ഏത് കൂരിരുട്ടിലും റിഫ്ലക്‌ട് ചെയ്യുന്ന ഈ കവറുകൾക്ക് മുകളിൽ തേച്ച പശയിൽ ആകർഷിച്ചെത്തുന്ന പ്രാണികളും കീടങ്ങളും പറ്റി പിടിക്കും. കീടങ്ങളെ എളുപ്പത്തിൽ പിടിക്കാനാവുമെന്ന് മാത്രമല്ല, ബാരിക്‌സ് സ്‌റ്റിക്കറിന് മറ്റൊരു ഗുണം കൂടെയുണ്ട്.
കീടങ്ങളെ അകറ്റാനായി രാസകീടനാശിനി പ്രയോഗം നടത്തുമ്പോൾ ആ കാർഷിക വിഭവങ്ങൾ കഴിക്കുന്നവർക്ക് ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. എന്നാൽ സ്‌റ്റിക്കർ പ്രയോഗത്തിലൂടെ കീടങ്ങൾ ഇല്ലാതാകുമ്പോൾ ആരോഗ്യ സുരക്ഷയും ഉറപ്പാണ്. കേരളത്തിലെ കൃഷിയിടങ്ങൾക്ക് അത്ര പരിചിതമല്ലാത്ത സ്‌റ്റിക്കർ കെണി രീതി കർഷകർക്ക് ഏറെ സഹായകരമാണെന്നാണ് മരക്കാർ ബാവ പറയുന്നത്.