എറണാകുളം : കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. കൊച്ചി മുബൈ വിമാനത്തിലെ യാത്രക്കാരനാണ് വ്യാജ ഭീഷണി ഉയർത്തിയത്. വിസ്‌താര വിമാനത്തിൻ്റെ സെക്കൻഡറി പരിശോധനയ്ക്കിടെ യാത്രക്കാരൻ കയ്യിൽ ബോംബുണ്ടെന്ന് പറയുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ എയർപോർട്ട് അധികൃതരെ വിവരമറിയിക്കുകയും സാഹചര്യം വിലയിരുത്തുകയും ചെയ്‌തു.
പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. വൈകുന്നേരം 3:50 ന് പുറപ്പെടേണ്ട ഫ്ലൈറ്റ് നമ്പർ - യുകെ 518 ലെ യാത്രക്കാരനായ മന്ദയൻ എന്ന വിജയ് ആണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
ബോംബ് ഭീഷണിയെ തുടർന്ന് അധിക സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി വൈകുന്നേരം 4:19 നാണ് വിമാനം യാത്ര തിരിച്ചത്. കഴിഞ്ഞ ദിവസവും കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ട വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അലയൻസ് ഫ്ലൈറ്റ് 9I506, കൊച്ചി ബെംഗളൂരു വിമാനത്തിനായിരുന്നു ഭീഷണി ഉണ്ടായത്. അലയൻസ് എയറിൻ്റെ ഒന്നിലധികം എയർപോർട്ടുകൾക്കും എയർലൈനുകൾക്കുമൊപ്പമാണ് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായത്. ബോംബ് ഭീഷണി ലഭിച്ചത് ട്വിറ്റർ ഹാൻഡിലിലാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയുണ്ടായ ഭീഷണിയെ തുടർന്ന് 2:30ന് കൊച്ചി ആഭ്യന്തര ടെർമിനൽ ഓഫിസിൽ ബിടിഎസി വിളിച്ചുകൂട്ടി. ബോംബ് ഭീഷണി സന്ദേശം വ്യാജമാണെന്ന് വിലയിരുത്തി.
യാത്രക്കാരുടെ ശാരീരിക പരിശോധനയുടെയും ബാഗേജിൻ്റെയും പരിശോധനകൾ വർധിപ്പിച്ചു. ബിടിഎസി കമ്മിറ്റി ശുപാർശയെ ചെയ്‌തതിനെതിനെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചു. ഇതേ തുടർന്ന് അലയൻസ് ഫ്ലൈറ്റ് 5:29 നാണ് കൊച്ചിയിൽ നിന്നും യാത്ര തിരിച്ചത്.