കണ്ണൂർ: ഏഴിമലയോളം മേലേയ്ക്ക് ....
ഏഴുകോലാഴം താഴേക്ക്....
കോലത്തുനാടിന്‍റെ വക്കോളം നാട്ടരയാലിന്‍റെ വേരുണ്ട്....
വേരുതീണ്ടിച്ചെന്ന മണ്ണിലെല്ലാം നാട്ടരങ്ങത്തെപ്പൊടിപ്പുണ്ട്....
ആലുതെഴുത്തേട മാല്‍ത്തറക്കാവും വാളും വിളക്കും മതിലുമുണ്ട്.... കളിയാട്ടം എന്ന സിനിമയിൽ കൈതപ്രം ഇങ്ങനെ എഴുതുമ്പോൾ ഏഴിമലയെ കുറിച്ച് അധികം ആരും അറിഞ്ഞു കാണില്ല.
ഒരു ചെറിയ മലയോരം. കടൽനിരപ്പിന് 286 മീറ്റർ ഉയരത്തിലുള്ള ഏഴിമല. അധികം ആരും അറിയാത്ത സുന്ദരമായ യാത്രയിടം കൂടിയാണ് ഇത്. പുരാതനമായ മൂഷിക രാജാക്കന്മാരുടെ തലസ്ഥാനമായിട്ടാണ് ഏഴിമല കരുതപ്പെടുന്നത്. ചുറ്റും മലകളാലും കടലിനാലും ഒറ്റപ്പെട്ടു കിടക്കുന്ന ഏഴിമല കണ്ണൂർ ജില്ല ആസ്ഥാനത്തിന് 36 കിലോമീറ്റർ വടക്കാണ് സ്ഥിതി ചെയ്യുന്നത്. ക്രൈസ്‌തവ ദേവാലയവും ചുരുക്കം വീടുകളും മാത്രമാണ് ഉയരെയുള്ള ഈ മേഖലയിൽ ഉള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏഴിമല റെയിൽവേ സ്റ്റേഷൻ നിലവിലുണ്ടെങ്കിലും മിക്ക ട്രെയിനുകള്‍ ഇവിടെ നിർത്താറില്ല. അതിനാൽ തന്നെ 9 കിലോമീറ്റർ അകലെയുള്ള പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനാണ് പയ്യന്നൂർ. തുറമുഖവും വാണിജ്യ കേന്ദ്രവുമായിരുന്ന ഏഴിമല 11ാം നൂറ്റാണ്ടിലെ ചോള-ചേര രാജാക്കന്മാരുടെ പ്രധാന യുദ്ധക്കളമായിരുന്നുവത്രേ.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നാവിക ആസ്ഥാനം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. എട്ടിക്കുളം കടൽ തീരവും പ്രദേശത്തെ സുന്ദരമാക്കുന്നു. 1990ല്‍ സൺസൺ ഗ്രൂപ്പ് ഇവിടെ നിർമ്മിച്ച ആഞ്ജനേയ പ്രതിമയാണ് മറ്റൊരു കൗതുകം. ഏഴിമലയുടെ ടൂറിസം സാധ്യതകളില്‍ ആഞ്ജനേയ ഗിരിക്കും വലിയ പ്രാധാന്യമുണ്ട്.