തിരുവനന്തപുരം : കൊടും ചൂടിനെ തുടര്‍ന്ന് കേരളത്തില്‍ (extreme heat in Kerala) നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഇന്ന് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ 38 ഡിഗ്രി വരെയും, കോട്ടയത്ത് 37 ഡിഗ്രിയും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രിയുമായാണ് താപനില ഉയരുക (Kerala weather updates).
സംസ്ഥാനത്ത് ചൂട് കൂടുന്നതിനെ തുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
- പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.
- ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. മദ്യം, ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കണം.
- അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രം ധരിക്കണം. ചെരിപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണം.
- കുടയോ തൊപ്പിയോ പുറത്തിറങ്ങുമ്പോള്‍ ഉപയോഗിക്കണം.
- പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഒ.ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കണം.
- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം, ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും പരിപാടികളും ഒഴിവാക്കണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ പകല്‍ 11 മുതല്‍ 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.