കോഴിക്കോട് : പിഎസ്‍സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് സിപിഎം നേതാവ് പണം തട്ടിയെന്ന് ആരോപിച്ച് എകെജി സെൻ്ററിൽ പരാതി. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്ക് എതിരെയാണ് ആരോപണം ഉയർന്നത്. കോഴിക്കോട് സ്വദേശിയും ആരോഗ്യ മേഖലയിൽ പ്രവര്‍ത്തിക്കുന്നതുമായ ഒരാളിൽ നിന്നാണ് പണം കൈപ്പറ്റിയതെന്നാണ് എകെജി സെൻ്ററിൽ ലഭിച്ച പരാതിയിൽ പറയുന്നത്.
മന്ത്രി പിഎ മുഹമ്മദ് റിയാസ് വഴി കാര്യം നടത്താമെന്ന ഉറപ്പിൽ 60 ലക്ഷം രൂപയ്ക്കാണ് പദവി ഉറപ്പിച്ചത്. ആദ്യ ഗഡുവായി 22 ലക്ഷം രൂപ യുവനേതാവിന് നൽകിയെന്ന് പാര്‍ട്ടിക്ക് ലഭിച്ച പരാതിയിൽ പറയുന്നു. ഡീല്‍ ഉറപ്പിക്കുന്ന ശബ്‌ദ സന്ദേശവും പരാതിക്ക് ഒപ്പം കൈമാറിയതായാണ് സൂചന. സംഭവം പുറത്തായതോടെ പ്രമോദ് കോട്ടൂളിക്കെതിരെ അന്വേഷണത്തിന് നാലംഗ കമ്മിഷനെയും സിപിഎം നിയോഗിച്ചു.
സിഐടിയു നേതാവടക്കമുള്ള നാലംഗ കമ്മിഷനെയാണ് പ്രമോദിനെതിരായ നടപടിക്ക് പാര്‍ട്ടി നിയോഗിച്ചത്. ആരോപണത്തിന് പിന്നാലെ പ്രമോദിനെ സിപിഎം, സിഐടിയു പദവികളിൽ നിന്ന് നീക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. പിഎസ്‍സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് വാങ്ങിയ 22 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാണ് പരാതി. സിപിഎമ്മിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് പ്രമോദ്.
Also Read: ദേവസ്വം ബോർഡിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടി; സിപിഎം കൗൺസിലർക്കെതിരെ പരാതികൾ