തിരുവനന്തപുരം: ക്രമസമാധാന ചുതലയുള്ള എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന് മുറവിളി ഉയരുന്നതിനിടെ ഒരു ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് അത്ര എളുപ്പമാകില്ലെന്ന വിലയിരുത്തലിലാണ് വിദഗ്‌ധർ. നിലവില്‍ സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബിൻ്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ വിജിലന്‍സിൻ്റെ നേതൃത്വത്തില്‍ അതേ ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് ഒരു തരത്തിലുമുള്ള നിയമ സാധുതയുമുണ്ടാകില്ലെന്ന് സംസ്ഥാന വിജിലന്‍സില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
അതായത് ഒരു സംഭവത്തില്‍ സമാന്തരമായി രണ്ട് അന്വേഷണത്തിന് നിയമസാധുതയുണ്ടാകില്ല. അജിത് കുമാറിനെതിരെ പിവി ആന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിന് സമീപം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം മാത്രമാണ് വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരാന്‍ സാധ്യതയുളളത്. ആര്‍എസ്എസ് നേതാക്കളെ കണ്ടത് സംബന്ധിച്ചുള്ള ആരോപണമോ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണമോ ഒന്നും വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരികയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം സംബന്ധിച്ചാകട്ടെ പല ദിവസങ്ങളില്‍ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വൈരുധ്യവുമുണ്ട്. നിലവില്‍ എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ അന്വേഷണം ആവശ്യപ്പെട്ട് ഒരു സ്വകാര്യ വ്യക്തി വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്. പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അജിത്കുമാറിനെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. എന്നാല്‍ ഇത് സംബന്ധിച്ച് പരാതിക്കാരനില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമേ വിശദമായ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മാത്രമല്ല, ഇത്തരം പരാതികളില്‍ ഉടനടി കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തുക എന്നത് ഉന്നത ഉദ്യോഗസ്ഥരെ കുടുക്കാന്‍ വൈരാഗ്യമുള്ളവര്‍ക്ക് പിടിവള്ളിയാകുമെന്ന വിലയിരുത്തലുമുണ്ട്. അതേ സമയം എംആര്‍ അജിത്കുമാറിനെതിരായ ഏതെങ്കിലും പരാതികളില്‍ വിജിലന്‍സ് അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ അത് നിരസിക്കാന്‍ വിജിലന്‍സിന് കഴിയില്ല.
ഇവിടെയും പരാതിക്കാരില്‍ നിന്ന് വിശദമായ തെളിവെടുപ്പ് നടത്തിയായിരിക്കും വിജിലന്‍സ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. സ്വത്ത് സമ്പാദനം സംബന്ധിച്ചാകട്ടെ, രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമാകും നടപടിയിലേക്ക് കടക്കുക. ഇതെല്ലാം കണക്കിലെടുത്താണ് മുഖ്യമന്ത്രിയും തീരുമാനം വൈകിപ്പിക്കുന്നതെന്നാണ് സൂചന.
സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണത്തില്‍ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്നില്ലെങ്കില്‍ അത് വിജിലന്‍സിന് കൈമാറിയേക്കും. അഥവാ ഇത് സംബന്ധിച്ച് പൊലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് പ്രാഥമികമായി തെളിഞ്ഞാലും വിജിലന്‍സ് അന്വേഷണത്തിന് അദ്ദേഹത്തിന് ശുപാര്‍ശ ചെയ്യാവുന്നതാണ്. ഇവിടെയെല്ലാം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന പരിഗണന നല്‍കിയാകും അജിത്കുമാറിനെതിരായ എല്ലാ അന്വേഷണങ്ങളും നടക്കുകയെന്ന സൂചനയും പൊലീസ് വൃത്തങ്ങള്‍ നല്‍കുന്നുണ്ട്.