തിരുവനന്തപുരം : ബാർ കോഴ വിവാദത്തിൽ പ്രതിപക്ഷം സമരമുഖം തുറന്നപ്പോൾ എക്‌സൈസ് മന്ത്രി എംബി രാജേഷ് ഒരാഴ്‌ചത്തെ സ്വകാര്യ സന്ദർശനത്തിന് വിദേശത്തേക്ക് പോയി. ഇന്ന് പുലർച്ചെ 4-ന് നെടുമ്പാശ്ശേരിയിൽ നിന്നായിരുന്നു മന്ത്രി കുടുംബസമേതം ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലേക്ക് തിരിച്ചത്.
അടുത്ത മാസം 2-ന് മന്ത്രി തിരിച്ചെത്തും. ഒരാഴ്‌ചത്തേക്ക് മന്ത്രിയുടെ ഔദ്യോഗിക പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. ധനകാര്യ മന്ത്രി കെഎൻ ബാലഗോപാലും ഈ ആഴ്‌ച വിദേശ സന്ദർശനം തീരുമാനിച്ചിരുന്നതാണ്. എന്നാൽ ദിവസങ്ങൾക്കു മുൻപ് പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങൾ കാരണം അദ്ദേഹത്തിന്‍റെ യാത്ര ഒഴിവാക്കുകയായിരുന്നു.
അതേ സമയം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബസമേതമുള്ള ഒരാഴ്‌ചത്തെ വിദേശ സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞ ആഴ്‌ചയായിരുന്നു തിരികെയെത്തിയത്. സ്വന്തം ചെലവിലായിരുന്നു മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും വിദേശ യാത്രയെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.