തിരുവനന്തപുരം: എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം എന്ന കുടുക്കില്‍ നിന്ന് തലയൂരി ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് പോകാമെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ കണക്കുകൂട്ടലുകള്‍ ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചില്‍ തട്ടി വീണു. ഒന്നും ഒളിക്കാനില്ലെന്നും കൈകള്‍ ശുദ്ധമാണെന്നും മടിയില്‍ കനമില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പതിവ് പല്ലവിയുടെ മൂര്‍ച്ച കുറയ്ക്കുന്നതായി കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക്കിനേറ്റ തിരിച്ചടി.
കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും 1.79 കോടി രൂപ സേവനങ്ങളൊന്നും നല്‍കാതെ എക്‌സാലോജിക് കമ്പനി സ്വീകരിച്ചു എന്ന ഇന്‍കം ടാക്‌സ് ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ കണ്ടെത്തലാണ് തുടക്കം. ഇതിനുപിന്നാലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്‍റെ അന്വേഷണമായി. മാത്രമല്ല, ആരോപണവിധേയമായ കരിമണല്‍ കമ്പനിയില്‍ സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് 13.4 ശതമാനം ഓഹരി പങ്കാളിത്തമുള്ളതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ കെഎസ്‌ഐഡിസിക്കെതിരെ എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് കെഎസ്‌ഐഡിസി കരിമണല്‍ കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ടാക്കിയതെന്ന് ആരോപണമുയര്‍ന്നു. ഇതിനെതിരെ കെഎസ്‌ഐഡിസി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കോടതി എസ്എഫ്‌ഐഒക്ക് അനുമതി നല്‍കി. ഇതിനുപിന്നാലെ തിരുവനന്തപുരത്തെ കെഎസ്‌ഐഡിസി ആസ്ഥാനത്ത് എസ്എഫ്‌ഐഒ സംഘം എത്തി പരിശോധന നടത്തിയതിന് പിന്നാലെയാണ് വീണ വിജയന്‍ ഡയറക്‌ടറായ എക്‌സാലോജിക്കിനെതിരെ എസ്എഫ്‌ഐഒ അന്വേഷണം ആരംഭിച്ചത്.
ഇതിനെതിരെ ബാംഗ്ലൂരില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വീണ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കനത്ത തിരിച്ചടിയേറ്റിരിക്കുന്നത്. ഈ വിഷയം നിയമസഭയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം ശൂന്യ വേളയില്‍ ശ്രമിച്ചതിനെ സ്‌പീക്കര്‍ തടഞ്ഞിരുന്നു. വിഷയം സഭയില്‍ വരുന്നതുപോലും മുഖ്യമന്ത്രിയെ ഭയപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാനില്ലെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ച് നടത്തിയിരുന്ന അവകാശവാദമാണ് വീണ കോടതിയെ സമീപിച്ചതോടെ തകര്‍ന്നുവീണിരിക്കുന്നത്.
ഒരുപക്ഷേ അന്വേഷണം തടഞ്ഞുകൊണ്ടുള്ള ഒരു വിധി ലഭിച്ചിരുന്നെങ്കില്‍ തങ്ങളുയര്‍ത്തിയ വാദം ന്യായമായിരുന്നു എന്ന് വീണ വിജയനും സിപിഎമ്മിനും പറയാമായിരുന്ന ഒരവസരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎമ്മിന് നഷ്‌ടമായിരിക്കുന്നത്. കടുത്ത അഴിമതിയാരോപണ ശരങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രിക്കുനേരെ വര്‍ഷിക്കുന്നത്. കേരളത്തിന്‍റെ കരയും കടലും തീറെഴുതിയതിന് പിണറായി വിജയന് ലഭിച്ച അഴിമതിപ്പണമാണിതെന്നാണ് കെപിസിസി പ്രസിഡന്‍റ് സുധാകരന്‍റെ വിമര്‍ശനം.
മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ടെന്നും കൈകള്‍ ശുദ്ധമല്ലെന്നും ഭയമുണ്ടെന്നും അതുകൊണ്ടാണ് കേസിന് പോയതെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ വിമര്‍ശനം. എസ്എഫ്‌ഐഒ അന്വേഷണത്തിന് എന്തിന് 8 മാസമെന്നും ഇത് കരുവന്നൂര്‍ കേസുപോലെ ഒടുവില്‍ ഒത്തുതീര്‍ക്കുമെന്നും സതീശന്‍ ബിജെപിക്കെതിരെയും ഒളിയമ്പെയ്‌തു. തുടക്കം മുതല്‍ ഇതിനെതിരെ രംഗത്തുവരുന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയും കോടതി വിധിക്കുപിന്നാലെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ത്തി.
അന്വേഷണത്തിനിടെ അറസ്റ്റുപോലുള്ള കടുത്ത നടപടികളിലേക്ക് എസ്എഫ്‌ഐഒ കടക്കുമോ എന്ന് സിപിഎം ഭയക്കുന്നു. അത് രാഷ്ട്രീയമായി സിപിഎമ്മിന് മാത്രമല്ല, വ്യക്തിപരമായി മുഖ്യമന്ത്രി പിണറായി വിജയനുള്ള തിരിച്ചടിയും മാനസിക വേദന ഉളവാക്കുന്നതുമാകും. എസ്എഫ്‌ഐഒയുടെ തുടര്‍ നടപടികള്‍ സിപിഎമ്മിനെ സംബന്ധിച്ച് അത്യന്തം ഉദ്വേഗമുണര്‍ത്തുന്നതാകും എന്നതില്‍ സംശയമില്ല.