തിരുവനന്തപുരം : മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ നൽകിയ ഹര്‍ജിയിലെ വിവരങ്ങൾ പുറത്ത്. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത് (Exalogic against the SFIO investigation). അന്വേഷണവുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും, ഉത്തരവ് തന്നെ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയെന്ന അഭിഭാഷകന്‍ മുഖേന ഇന്നലെ (08-03-2024) രാവിലെയാണ് ഹര്‍ജി നല്‍കിയത്. എസ്എഫ്‌ഐഒ സംഘം എക്‌സാലോജിക് കമ്പനിക്കെതിരെയുള്ള അന്വേഷണത്തിന്‍റെ ഭാഗമായി കെഎസ്‌ഐഡിസിയിലടക്കം വിവിധയിടങ്ങളില്‍ പരിശോധന നടത്തി വിവരങ്ങള്‍ തേടുകയായിരുന്നു. എക്‌സാലോജിക്കില്‍ നിന്ന് വിവരങ്ങള്‍ തേടുന്നതിനായി വീണ വിജയന് നോട്ടീസ് നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ടുകൊണ്ട് എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയത്.
മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് കമ്പനി എംഡിയുമായ വീണയ്‌ക്കെതിരെയുള്ള മാസപ്പടിക്കേസില്‍ അന്വേഷണത്തിന്‍റെ ഭാഗമായി സിഎംആര്‍എല്ലില്‍ നിന്നും കെഎസ്ഐഡിസിയില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ എസ്എഫ്‌ഐഒ പരിശോധന തുടരുകയാണ്.
എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെഎസ്‌ഐഡിസി കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഫലം കണ്ടില്ല.