തിരുവനന്തപുരം: കാസര്‍കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെയും കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്‌ണവിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി ട്രാക്ക് വൃത്തിയാക്കുന്നതിനിടെ ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ച തമിഴ്‌നാട് സ്വദേശികളുടെയും ആശ്രിതര്‍ക്ക് ധനസഹായവുമായി സംസ്ഥാന സര്‍ക്കാര്‍. കാസര്‍കോട് നീലേശ്വരം അഞ്ഞൂറമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ പടക്ക ശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാലുപേരുടെയും കുടുംബാംഗങ്ങള്‍ക്കാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇന്ന് (നവംബര്‍ 6) ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് പ്രഖ്യാപനം.
ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതമാണ് ധനസഹായം. ഷൊര്‍ണൂര്‍ റെയില്‍വേ പാലത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ട്രെയിന്‍ തട്ടി മരിച്ച തമിഴ്‌നാട് സേലം സ്വദേശികളുടെ ആശ്രിതര്‍ക്ക് 3 ലക്ഷം വീതമാണ് ധന സഹായം. എല്ലാ ധനസഹായങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ്. നവംബര്‍ 29നാണ് കാസര്‍കോട് നീലേശ്വരം അഞ്ഞൂറമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ വെടിക്കെട്ട് അപകടമുണ്ടായത്.
അപകടത്തില്‍ 184 പേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവേയാണ് 4 പേര്‍ മരിച്ചത്. 81 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 15 പേര്‍ ഇപ്പോഴും ഐസിയുവിലാണ്. നവംബര്‍ 2നാണ് ഷൊര്‍ണൂര്‍ റെയില്‍വേ പാലത്തില്‍ ശുചീകരണത്തിനിടെ 4 തൊഴിലാളികള്‍ റെയില്‍വേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വൈകിട്ട് 3.05ന് കേരള എക്‌സ്പ്രസ് തട്ടിയാണ് തൊഴിലാളികള്‍ മരിച്ചത്. തമിഴ്‌നാട് സേലം അയോദ്ധ്യ പട്ടണം അടിമലൈ പുത്തൂര്‍ സ്വദേശി ലക്ഷ്‌മണന്‍, ഭാര്യ വള്ളി, വള്ളിയുടെ ബന്ധു റാണി, റാണിയുടെ ഭര്‍ത്താവ് ലക്ഷ്‌മണന്‍ എന്നിവരാണ് മരിച്ചത്. വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്ത് നിന്ന് മാലിന്യം ശേഖരിച്ചു വരുന്നതിനിടെയായിരുന്നു അപകടം.
ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ച തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികള്‍ക്ക് ധന സഹായം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിട്ടുണ്ട്.