കണ്ണൂർ : റെയിൽവേ സ്‌റ്റേഷനുകൾക്കും യാത്രക്കാർക്കും മാത്രമല്ല ട്രെയിനുകൾക്കും വയസായി തുടങ്ങി. യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ഏറനാട് എക്‌സ്‌പ്രസ് 15-ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ആണ് മറ്റു ട്രെയിനുകളുടെ വയസുകൂടി പുറത്ത് വന്നത്. പ്രതിദിന വണ്ടികളിൽ ഇളയ തലമുറ ആണ് ഏറനാട്.
2009 സെപ്റ്റംബർ 13 നാണ് ഏറനാട് എക്‌സ്‌പ്രസ് ആദ്യ സർവീസ് (16605/16606) നടത്തിയത്. തിരുവനന്തപുരം-മംഗളൂരു റൂട്ടിലായിരുന്നു ഓട്ടം. ട്രെയിനുകളുടെ മുതുമുത്തച്ഛനായി തല ഉയർത്തി നിൽപ്പുണ്ട് മംഗളൂരു-ചെന്നൈ മെയിൽ (12601/12602). വയസ് 157 പിന്നിട്ടു. കുതിപ്പിൽ കരുത്തനായിത്തന്നെ 136 വയസുള്ള മലബാർ എക്‌സ്‌പ്രസ് തൊട്ടു പിന്നിൽ ഉണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മലബാർ ഉണ്ടെങ്കിൽ പിന്നെ മാവേലിയും ഉണ്ടാകും. പക്ഷെ മാവേലി എക്‌സ്‌പ്രസ് യൗവനത്തിലാണ്. വയസ് 23. 2001-ൽ ആഴ്‌ചയിൽ മൂന്നു ദിവസം ഓടി തുടങ്ങിയ വണ്ടി 2007 ൽ പ്രതിദിനമായി.
1967 ൽ തുടങ്ങിയ വെസ്‌റ്റ് കോസ്‌റ്റിന് (മംഗളൂരു-ചെന്നൈ) 59 വയസാണ്. പരശുറാം എക്‌സ്‌പ്രസിന് 54 വയസാണ്. 1972 ൽ ഓട്ടം തുടങ്ങിയ വേണാടിന് 52 വയസായി. മംഗളൂരു-തിരുവനന്തപുരം എക്‌സ്‌പ്രസിന് (16347/16348) 40 വയസാണ്.
1985 ൽ ആരംഭിച്ച വഞ്ചിനാടിന് 39 വയസുണ്ട്. 2006 മുതൽ ഗരീബ് രഥ് വന്നു. 2012 ൽ മെമുവും എത്തി. 2016 മുതൽ അന്ത്യോദയയും ഹംസഫറും വന്നു. 2023 ൽ വന്ദേഭാരതും കേരളത്തിൽ എത്തി. കേരളത്തിലെ പല റെയിൽവേ സ്‌റ്റേഷനുകൾക്കും വർഷങ്ങളുടെ കഥ പറയാനുണ്ട്.
Also Read: പാതാളത്തിൽ നിന്ന് മാവേലി നേരെ പാസഞ്ചർ ട്രെയിനിലേക്ക്...; ഇത് വെറൈറ്റി ഓണാഘോഷം