കോഴിക്കോട്: മലബാറിലെ ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ റോഡ് നിര്‍മാണം കോഴിക്കോട് ചേളന്നൂരില്‍ ആരംഭിച്ചു. നിലവിലുള്ള റോഡ് പൊളിച്ച് അതേ സാധനങ്ങള്‍ കൊണ്ടുതന്നെ വീണ്ടും പണിയുന്ന രീതിയാണിത്. പുതിയേടത്തു താഴം ചിറക്കുഴി റോഡിലാണ് ആദ്യത്തെ പരിസ്ഥിതി സൗഹൃദ റോഡ് നിര്‍മാണ രീതി പരീക്ഷിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് കരാറുകാര്‍.
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ‘ഫുള്‍ ഡെപ്‌ത് റെക്ലമേഷന്‍’ (എഫ്‌ഡിആര്‍) രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്ന മലബാറിലെ ആദ്യ റോഡാണിത്. ആറ് ഘട്ടങ്ങളായാണ് ഈ റോഡ് നിര്‍മാണം നടക്കുന്നത്. ആദ്യം പഴയ റോഡ് കൃത്യമായ ആഴത്തിൽ ഇളക്കിമറിക്കും. ശേഷം അവയ്ക്കൊപ്പം സിമന്‍റും കെമിക്കല്‍ മിശ്രിതവും വെള്ളവും ചേര്‍ത്ത് മെഷീന്‍റെ സഹായത്തില്‍ റോഡില്‍ നിരത്തും. തുടര്‍ന്ന് വൈബ്രേറ്റര്‍ റോളര്‍ ഉപയോഗിച്ച് അമര്‍ത്തും.
നനവുള്ളതുകൊണ്ട് പൊടി പടലങ്ങൾ കൊണ്ടുള്ള പരിസര മലിനീകരണവും തീരെ കുറവാണ്. ഈ രീതി വ്യാപകമാകുന്നതോടെ നിര്‍മ്മാണവസ്‌തുക്കള്‍ക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതും കുറയ്ക്കാനാകും. റോളര്‍ ഉപയോഗിച്ച് അമര്‍ത്തിയ റോഡ് ഉറയ്ക്കാനായി എഴ് മണിക്കൂര്‍ മൂടി വയ്ക്കും. ഏഴ് ദിവസം തുടര്‍ച്ചയായി നനയ്ക്കുകയും വേണം. ഇതിന് ശേഷമാണ് ടാറിങ് നടത്തുക.
നിര്‍മ്മാണത്തിലെ കാലതാമസം ഇല്ലാതാക്കാനും ചെലവ് കുറയ്ക്കാനും ഈ സാങ്കേതിക വിദ്യ സഹായിക്കുമെന്ന് കരാറുകാര്‍ പറയുന്നു. ഈ റോഡില്‍ ഇടയ്ക്കിടെ അറ്റകുറ്റപണിയും വേണ്ടിവരില്ല. നിലവില്‍ ചേളന്നൂരിലെ മൂന്നുകിലോമീറ്റര്‍ ദൂരമുള്ള റോഡാണ് ഇത്തരത്തില്‍ പുതുക്കി പണിയുന്നത്. ഗ്രാമീണറോഡുകളിലാണ് ഈ രീതി വ്യാപകമായി നടപ്പാക്കാന്‍ പോകുന്നത്. പിഎംഎസ്‌ജിവൈ പദ്ധതിയില്‍ മലബാര്‍ മേഖലയില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കുതന്നെ ഇത്തരം 13 കരാറുകള്‍ ലഭിച്ചിട്ടുണ്ട്. അവയില്‍ ആദ്യത്തേതിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്.
Also Read: 'ഞങ്ങൾക്ക് വേണ്ടത് റോഡല്ല, സഞ്ചാരയോഗ്യമായ വഴി'; ദേശീയപാത നിർമാണം മൂലം പ്രതിസന്ധിയിലായ കുടുംബങ്ങള്‍ പ്രതികരിക്കുന്നു