ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്‌കാരം നേടി എആർ റഹ്‌മാൻ. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡാണ് എആര്‍ റഹ്‌മാന്‍ സ്വന്തമാക്കിയത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്‌ത 'ആടുജീവിത'മാണ് റഹ്‌മാന് പുരസ്‌കാര നേട്ടം കൈവരിക്കാൻ വഴിയൊരുക്കിയത്. സംവിധായകൻ ബ്ലസിയാണ് റഹ്‌മാന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ഹോളിവുഡിലെ അവലോണ്‍ ആയിരുന്നു പുരസ്‌കാര വിതരണ വേദി. പുരസ്‌കാരം ഏറ്റുവാങ്ങി ബ്ലെസ്സി നന്ദിയും പ്രകടിപ്പിച്ചു. "ഈ വലിയ അംഗീകാരത്തിന് നന്ദി. റഹ്‌മാന് വേണ്ടിയാണ് ഞാൻ ഈ വേദിയിൽ സംസാരിക്കുന്നത്. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി." -പുരസ്‌കാരം ഏറ്റുവാങ്ങി ബ്ലെസ്സി പറഞ്ഞു.
അവാർഡിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് എആര്‍ റഹ്‌മാനും രംഗത്തെത്തി. ഈ അവാര്‍ഡ് ജീവിതത്തിലെ ഏറ്റവും മഹത്തരമായ കാര്യമായി കരുതുന്നുവെന്നാണ് എആര്‍ റഹ്‌മാന്‍റെ പ്രതികരണം.
Score – Independent Film (Foreign Language)
— A.R.Rahman (@arrahman) November 21, 2024
The Goat Life – A. R. Rahmanhttps://t.co/835qBtzD01
"HMMA യോട് നന്ദി രേഖപ്പെടുത്തുന്നു. സ്നേഹത്തിന്‍റെ പ്രതീകമാണ് ആടുജീവിതം എന്ന സിനിമ. എന്നോടൊപ്പം സിനിമയുടെ സംഗീത മേഖലയിൽ പ്രവർത്തിച്ച സംഗീതജ്ഞരോടും ആടുജീവിതം എന്ന മഹത്തായ കലാസൃഷ്‌ടിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകരോടും പ്രത്യേകിച്ച് സംവിധായകൻ ബ്ലെസ്സിയോടും നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം ലോകമെമ്പാടുമുള്ള എന്നെ സ്നേഹിക്കുന്ന എന്‍റെ ആരാധകരോടും സംഗീത പ്രേമികളോടും നന്ദി രേഖപ്പെടുത്തുന്നു. എല്ലാ അംഗീകാരങ്ങളും ദൈവഹിതം."-എആർ റഹ്‌മാന്‍ പറഞ്ഞു.
വിദേശ ഭാഷ സിനിമ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരത്തിനാണ് 'ആടുജീവിത'ത്തിലൂടെ എആര്‍ റഹ്‌മാന്‍ സ്വന്തമാക്കിയത്. 'ഗേൾ യു നോ ഇറ്റ്സ് ട്രൂ', 'കാ വഹായ് ടോനു', 'മോങ്ഗ്രൽസ്', 'ദ സീഡ് ഓഫ് ദി സേക്രഡ് ഫിഗ്', 'ദ ഷാഡോ ഓഫ് ദി സൺ' എന്നീ ചിത്രങ്ങളോട് മത്സരിച്ചാണ് 'ആടുജീവിത'ത്തിലെ പശ്ചാത്തല സംഗീതത്തിന് പുരസ്‌കാരം ലഭിക്കുന്നത്.
വിദേശ ഭാഷ വിഭാഗത്തിൽ സിനിമയിലെ 'പെരിയോനെ' എന്ന് തുടങ്ങുന്ന ഗാനവും മികച്ച ഗാനത്തിനുള്ള പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു. ആടുജീവിതം സിനിമയുടെ ഭാഗത്ത് നിന്നും ബ്ലെസ്സി, നിർമ്മാതാവും നടനുമായ ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
തന്‍റെ വ്യക്‌തി ജീവിതത്തില്‍ ഏറെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ് എആര്‍ റഹ്‌മാന്‍ ഈ പുരസ്‌കാര നേട്ടം കൈവരിച്ചിരിക്കുന്നത്. ഭാര്യ സൈറ ബാനുവുമായുള്ള വിവാഹമോചന വാര്‍ത്തയ്‌ക്ക് പിന്നാലെയാണ് എആര്‍ റഹ്‌മാന്‍ ഈ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പായിരുന്നു എആര്‍ റഹ്‌മാന്‍റെയും സൈറയുടെയും വിവാഹമോചന പ്രഖ്യാപനം.