കാസർകോട് : ലോകസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കാസർകോട് ഒരു മുഴം മുമ്പേ രാജ്‌മോഹൻ ഉണ്ണിത്താൻ. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും യുഡിഎഫ് സ്ഥാനാർഥി താന്‍ തന്നെയാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇതോടെ കാസർകോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താന് വോട്ട് അഭ്യർത്ഥിച്ച് ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി.
കഴിഞ്ഞ അഞ്ചു വർഷത്തെ വികസന നേട്ടങ്ങൾ എടുത്തു പറഞ്ഞാകും ഉണ്ണിത്താൻ വീണ്ടും വോട്ടർമാരിലേക്ക് ഇറങ്ങുക. അഞ്ചു വർഷത്തെ പ്രവർത്തനത്തിലൂടെ രാജ്‌മോഹൻ ഉണ്ണിത്താൻ വലിയ ജനപ്രീതി നേടിയെടുത്തിട്ടുണ്ടെന്നു യുഡിഎഫ് വിലയിരുത്തിയിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി എന്ന നിലയിൽ മണ്ഡലത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കാൻ സാധിച്ചുവെന്നും, ഇത് നേട്ടമാകുമെന്നുമാണ് യു.ഡി.എഫിന്‍റെ വിലയിരുത്തൽ. ഒപ്പം മണ്ഡലത്തിൽ ഏറെ നിർണായകമായ ന്യൂനപക്ഷ വോട്ടുകൾ കേന്ദ്രീകരിക്കുമെന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.
അതിനിടെ എൽഡിഎഫ് സ്ഥാനാർഥി സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ തന്നെയാണെന്ന് ഏതാണ്ട് ഉറപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് ഐക്യകണ്ഠേനയാണ് മുതിർന്ന നേതാവായ എം വി ബാലകൃഷ്ണന്‍റെ പേര് ശുപാർശ ചെയ്‌തത്. നേരത്തെ മുൻ എംഎൽഎ ടിവി രാജേഷിന്‍റെ പേര് ഉയർന്നു വന്നിരുന്നു. എന്നാൽ കാസർകോട് മണ്ഡലത്തിൽ കാസർകോടുകാരൻ തന്നെ മത്സരിക്കണമെന്ന നിലപാടാണ് നേതാക്കളും അണികളും സ്വീകരിച്ചത്. മറ്റു നടകീയത ഒന്നും ഇല്ലെങ്കിൽ എംവി ബാലകൃഷ്ണൻ തന്നെ സിപിഎം സ്ഥാനാർഥിയാകും. സിപിഎം ജില്ലാ സെക്രട്ടറിയായതുകൊണ്ട് തന്നെ സുപരിചിതൻ ആണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ തവണ കൈവിട്ട കാസർകോട് മണ്ഡലം എങ്ങനെയെങ്കിലും തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. തെരഞ്ഞെടുപ്പ് ഏറ്റവും അനുകൂല സാഹചര്യത്തിലെന്ന് വിലയിരുത്തലിലാണ് സിപിഎം. അതുകൊണ്ട് തന്നെ ശക്തരായ സ്ഥാനാർഥികളെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം. സംഘടനാശേഷി ആകെ ഉപയോഗിച്ച് ആഞ്ഞുപിടിച്ചാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോൾ ഉള്ളതെന്നും പാർട്ടി വിലയിരുത്തുന്നു.
അതെ സമയം ബിജെപി സ്ഥാനാർഥിയെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പികെ കൃഷ്ണദാസ് മത്സരിക്കുമെന്ന പ്രചരണം ഉയർന്നെങ്കിലും കൃഷ്ണദാസ് തെക്കൻ ജില്ലയിൽ മത്സരിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ബിജെപി സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് മത്സരത്തിന് ഇറങ്ങിയേക്കും. ഭാഷാ ന്യൂന പക്ഷ വോട്ടുകളിലെ സ്വധീനവും, ഹിന്ദുത്വ വോട്ടുകളുടെ ധ്രുവീകരണ സാധ്യയും കാസർകോടിനെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയില്‍ ബിജെപി ഉൾപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ മാസങ്ങൾക്കു മുൻപു തന്നെ ഇവിടെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പുർ എന്നീ നിയമസഭാ മണ്ഡലങ്ങളും
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശേരി എന്നീ നിയമസഭാ മണ്ഡലങ്ങളും കാസർകോട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ്.
ദീര്‍ഘകാലം സിപിഎമ്മിന്‍റെ കയ്യിലായിരുന്ന കാസര്‍കോട് ലോകസഭാ സീറ്റ് 2019ൽ രാജ്മോഹന്‍ ഉണ്ണിത്താനിലൂടെ കോണ്‍ഗ്രസ് പിടിച്ചടക്കിയിരുന്നു. ഇത് ഇത്തവണ തിരിച്ചു പിടിക്കുകയാണ് ഇടതുപക്ഷത്തിന്‍റെ ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 40,438 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് രാജ്‌മോഹൻ ഉണ്ണിത്താന്‍ സിപിഎമ്മിലെ കെ.പി.സതീശ് ചന്ദ്രനെ തോല്‍പ്പിച്ചത് .