തിരുവനന്തപുരം: കൊവിഡിൽ കിതച്ചെങ്കിലും പഴയ പ്രൗഢിയിലേക്ക് തിരിച്ചുവരികയാണ് കേരളത്തിലെ വിനോദ സഞ്ചാര മേഖലയെന്ന് പുതിയ കണക്കുകൾ. ഇതിന് അടിവരയിടുന്നതാണ് 2021,22,23 വർഷങ്ങളിൽ വനം വകുപ്പിന്‍റെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വരുമാനത്തിന്‍റെ കണക്കുകൾ.
വനം മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ നൽകിയ കണക്കനുസരിച്ച് ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി വനം വകുപ്പിന്‍റെ 33 ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ നിന്നായി 114 കോടി രൂപയാണ് (11,4,20,03,358) വരുമാനമായി ലഭിച്ചത്. 2021ൽ 17.82 കോടിയും (17,82,06,473) 2022ൽ 39.57 കോടിയും (39,57,58,940) 2023ൽ 56.80 കോടിയുമാണ് (56,80,28,005) ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ നിന്ന് വനം വകുപ്പിന് ലഭിച്ച വരുമാനം.
വിനോദ സഞ്ചാരികളുടെ ഇഷ്‌ട ഇടങ്ങളായ മൂന്നാർ, ചിന്നാർ, പാമ്പാടും ചോല നാഷണൽ പാർക്ക്, ഇരവികുളം, ആനമുടി ചോല നാഷണൽ പാർക്ക്, മതികെട്ടാൻ ചോല നാഷണൽ പാർക്ക്, കുറിഞ്ഞിമല, എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനാണ് വരുമാനക്കുതിപ്പിൽ മുന്നിൽ.
18.32 കോടി രൂപയാണ് (18,32,56,914) ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ നിന്നായി മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷൻ നേടിയത്. 15.49 കോടിയുമായി (15,49,79,280) പറമ്പികുളം ഡിവിഷനാണ് രണ്ടാം സ്ഥാനത്ത്. 11.95 കോടിയുമായി (11,95,36,003) സൗത്ത് വയനാട് ഡിവിഷനാണ് മൂന്നാം സ്ഥാനത്ത്.
അതേസമയം പൊന്മുടി, കല്ലാർ, അഗസ്ത്യാർവനം, പേപ്പാറ അടക്കമുള്ള വശ്യമനോഹരമായ സ്ഥലങ്ങൾ അടങ്ങിയ തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷനിൽ നിന്ന് മൂന്ന് വർഷങ്ങളിൽ നിന്നായി 4.68 കോടി (4,68,85,615) രൂപ മാത്രമാണ് നേടാനായത്. വരുമാനക്കുതിപ്പിൽ ഏറ്റവും പിന്നിൽ മണ്ണാർക്കാട് ഡിവിഷനാണ്. 10 ലക്ഷം (10,15,092) രൂപ മാത്രമാണ് നേടാനായത്. കൊവിഡ് കഴിഞ്ഞ് അടുത്ത വർഷങ്ങളിൽ വനം വകുപ്പിന്‍റെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വരുമാന വർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2022നെ അപേക്ഷിച്ച് 23ൽ 28 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ എത്തിയെന്ന ടൂറിസം വകുപ്പിന്‍റെ കണക്ക് ഇ ടി വി ഭാരത് പുറത്തുവിട്ടിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെയും വരുമാനത്തിലും ഉണ്ടാകുന്ന വർധന വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകുമെന്ന് അരക്കിട്ടുറപ്പിക്കുകയാണ്.