കോഴിക്കോട് : മെഡിക്കല്‍ കോളജില്‍ മരുന്ന് വിതരണം പുനഃസ്ഥാപിച്ചു. വിതരണക്കാര്‍, മരുന്നുകള്‍ എത്തിക്കുന്നത് നിര്‍ത്തിവച്ചത്, കഴിഞ്ഞ ഒരാഴ്‌ചയായി കോഴിക്കോട് മെഡിക്കൽ കോളജിന്‍റെ പ്രവർത്തനം പ്രതിസന്ധിയിലാക്കിയിരുന്നു. മരുന്ന് വിതരണക്കാരുടെ സംഘടനയായ എ.കെ.എസ് ഡി എ പ്രതിനിധികളുമായി മെഡിക്കൽ കോളജ് സൂപ്രണ്ട് ശ്രീജയൻ നടത്തിയ ചർച്ചയിലാണ് പ്രശ്‌ന പരിഹാരം ഉണ്ടായത്.
70 ഓളം വിതരണക്കാർക്ക് 75 കോടിയോളം രൂപയാണ് കുടിശ്ശിക ഇനത്തിൽ നൽകാൻ ഉണ്ടായിരുന്നത്. ഇത് ലഭിക്കാതിരുന്ന പശ്ചാത്തലത്തിലാണ് അവര്‍ മരുന്ന് വിതരണം നിർത്തിവച്ചത് (Kozhikode Medical college). മെഡിക്കൽ കോളജിന്‍റെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് ഇന്ന് സൂപ്രണ്ട് മരുന്ന് വിതരണക്കാരുമായി ചർച്ച നടത്തിയത്. ചർച്ചയിൽ കുടിശ്ശിക ഇനത്തിൽ നൽകാനുള്ള 75 കോടി രൂപയിൽ ആദ്യ ഗഡുവായി ഒരു കോടി രൂപ ഇന്നുതന്നെ നൽകാനും വരുന്ന 22-ാം തീയതി വെള്ളിയാഴ്‌ച 10 കോടി രൂപ നൽകാനും ധാരണയായതായി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ശ്രീജയൻ അറിയിച്ചു.
ബാക്കി നൽകാനുള്ള തുക സംബന്ധിച്ച് വരും ദിവസങ്ങളിൽ ചർച്ച നടക്കുമെന്ന് എകെഎസ്‌ഡിഎ കോഴിക്കോട് ജില്ല സെക്രട്ടറി ശിവരാമൻ,സംസ്ഥാന കൗൺസിൽ അംഗം സാംസൺ എം. ജോൺ എന്നിവർ അറിയിച്ചു (Sreejayan). മരുന്നുക്ഷാമം രൂക്ഷമായതോടെ പ്രധാന കവാടത്തിന് മുന്നിലെ ഫാര്‍മസി അടച്ചിരുന്നു. ക്യാന്‍സര്‍ രോഗികൾ ഉൾപ്പടെ ഉള്ളവര്‍ ദുരിതത്തിലുമായി. ഇതോടെ സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ട ഗതികേടും നിര്‍ധന രോഗികള്‍ക്കുണ്ടായി.
ജീവന്‍ രക്ഷാമരുന്നുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, ഫ്ലൂയിഡുകള്‍ എന്നിവ വാങ്ങിയ ഇനത്തിലാണ് കുടിശ്ശിക. 8 മാസത്തെ കുടിശ്ശികയാണ് മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത്. ഇത് നൽകാത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ 10-ാം തീയതിയോടെയാണ് മരുന്ന് വിതരണം തടസപ്പെട്ടത്.
Also Read: കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം ; ഉപവാസവുമായി എം കെ രാഘവൻ എംപി
കുടിശ്ശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് മരുന്ന് കമ്പനിക്കാർ ആരോഗ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ ഇതിൽ നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടർന്നാണ് വിതരണം നിര്‍ത്തിവച്ചത്. ഇതോടെ ക്യാന്‍സര്‍ രോഗികളും ഡയാലിസിസ് വേണ്ടവരും ദുരിതത്തിലായി. ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് ചുരുങ്ങിയ വിലയ്ക്ക് മരുന്ന് വിതരണം ചെയ്യുന്ന രാജ്യത്തെ തന്നെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്.
എണ്ണായിരം രൂപയ്ക്ക് ലഭിക്കേണ്ട ക്യാന്‍സര്‍ മരുന്നുകള്‍ മുപ്പതിനായിരം രൂപയ്ക്ക് പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയും സാധാരണക്കാരായ രോഗികള്‍ക്കുണ്ടായി. ഇത്തരത്തില്‍ ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലായത്. കുടിശ്ശിക കിട്ടാതെ ഇനി വിതരണമില്ലെന്ന ഉറച്ച നിലപാടാണ് വിതരണക്കാര്‍ കൈക്കൊണ്ടത്.