കോട്ടയം: ഡ്രോൺ പറത്താന്‍ വനിതകൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ പരിശീലനം. കൃഷിക്ക് വളവും മരുന്നുകളും തളിക്കുന്ന ഡ്രോണുകൾ പറത്താനാണ് കുടുംബശ്രീ പ്രവർത്തകരായ 49 വനിതകൾക്ക് പരിശീലനം നൽകിയത്. കേന്ദ്ര സർക്കാരിന്‍റെ നമോ ദീദി ഡ്രോൺ യോജന പദ്ധതിയുടെ ഭാഗമായാണ് പരിശീലനം.
കൃഷി ഹൈടെക് ആയി മാറുമ്പോൾ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കാർഷിക മേഖലയിൽ നേട്ടം കൊയ്യാൻ വനിതകളെ പ്രാപ്‌തരാക്കുകയാണ് കുടുംബശ്രീ മിഷന്‍റെ കീഴിലെ ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി കുടുംബശ്രീ വനിതകൾക്ക് ഡ്രോൺ ആപ്പ്ളിക്കേഷനുകളിൽ പരിശീലനം നൽകുന്ന സംസ്ഥാനതല ശിൽപശാല എംജി സർവകലാശാല ആസ്ഥാനത്ത് നടന്നു. കുടുംബശ്രീ മിഷനും എംജി സർവകലാശാല സ്‌കൂൾ ഓഫ് എൻവയോൺമെന്‍റൽ സയൻസസും സംയുക്തമായാണ് ശിൽപശാല സംഘടിപ്പിച്ചത്. ശിൽപശാലയിൽ ഡ്രോണിന്‍റെ വിവിധ പ്രവർത്തന രീതികളും, അറ്റകുറ്റപ്പണികൾ, കേടുപാടുകൾ പരിഹരിക്കൽ എന്നിവയുടെ അവബോധവും ഫീൽഡ്‌തല പ്രവർത്തന പ്രദർശനവും സംഘടിപ്പിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡ്രോൺ പറത്തുന്നതിൽ പരിശീലനവും ലൈസൻസും ഇവർക്ക് നൽകിയിട്ടുണ്ട്. തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ നാലു ദിവസത്തെ പരിശീലനം പൂർത്തീകരിച്ച ശേഷമാണ് ഇവർ ശിൽപശാലയിൽ പങ്കെടുത്തത്. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ. എസ് ഷാനവാസ്, കുടുംബശ്രീ മിഷൻ ജില്ലാ കോഡിനേറ്റർ അഭിലാഷ് കെ ദിവാകർ, അസിസ്‌റ്റന്‍റ് കോഡിനേറ്റർ പ്രകാശ് ബി നായർ, സ്‌റ്റേറ്റ് അസിസ്‌റ്റന്‍റ് പ്രോഗ്രാം മാനേജർമാരായ രമ്യ രാജപ്പൻ, ഹണിമോൾ രാജു, ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ, എംജി സർവകലാശാല സ്‌കൂൾ ഓഫ് എൻവയോൺമെന്‍റൽ സയൻസ് ഡയറക്‌ടർ ഡോ. മഹേഷ് മോഹൻ, പ്രൊഫ. ഡോ. കെ ആർ ബൈജു, ഡോ. എബിൻ വർഗീസ്, തുടങ്ങിയവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.