ഇടുക്കി: വേനൽ രൂക്ഷമായതോടെ പലയിടങ്ങളിലും കുടിവെള്ള പദ്ധതികളുടെ പേരിൽ സംഘർഷം പതിവാണ്. എന്നാൽ ഇടുക്കി കാഞ്ചിയാറിന് സമീപം ചന്ദ്രൻ സിറ്റിയിലെ കുടിവെള്ള വിതരണ കൂട്ടായ്‌മ എല്ലാവർക്കും മാതൃകയാണ്. 17 വർഷമായി 175 കുടുംബങ്ങൾക്കാണ് കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളം ലഭിക്കുന്നത്.
രണ്ടായിരത്തിലാണ് ചാരിറ്റബിൾ സൊസൈറ്റി ആക്‌ട് അനുസരിച്ച് സ്വജൽ ധാരാ കുടിവെള്ള സമിതി രജിസ്‌റ്റർ ചെയ്‌തത്. കാഞ്ചിയാർ ചന്ദ്രൻ സിറ്റിയിലെ നൂറ് കുടുംബങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. സ്വന്തമായി വാങ്ങിയ സ്ഥലത്ത് കുളം കുഴിച്ചു. നൂറോളം കുടുംബങ്ങൾക്ക് യാതൊരു തടസവും ഇല്ലാതെ വീട്ടിൽ കുടിവെള്ളമെത്തിച്ചായിരുന്നു തുടക്കം.
ജല വിഭവ വകുപ്പിലെ ജീവനക്കാരനായ റോയി ജോണിൻ്റെ നേതൃത്വത്തിലായിരുന്നു സമിതി രൂപീകരിച്ചത്. ഇപ്പോൾ സമിതിക്ക് സ്വന്തമായി 21 സെന്‍റ് സ്ഥലവും മൂന്ന് കുഴൽക്കിണറുകളും നാല് നാടൻ കുളങ്ങളും ഉണ്ട്. ഇതോടെ ഗുണഭോക്താക്കളുടെ എണ്ണം 175 ൽ ഏറെയായി. കുടിവെള്ള സംഭരണത്തിനായി രണ്ടു വലിയ ടാങ്കുകൾ നിർമ്മിച്ചിട്ടുണ്ട്.
കുളങ്ങളിലെയും കുഴൽ കിണറുകളിലെയും വെള്ളത്തിൻ്റെ ഗുണമേന്മ ഉറപ്പാക്കുന്നതിന് ഫിൽറ്റർ സംവിധാനം ഉപയോഗിച്ച് ശുദ്ധീകരിച്ചാണ് വിതരണം. കുടിവെള്ള വിതരണത്തിന് പുറമേ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളും ഇവർ നടത്തി വരുന്നു. സമിതിക്ക് സ്വന്തമായി ഓഫീസും പമ്പിങ്, വാൽവ് ഓപ്പറേറ്റർ, ഓഫീസ് അസിസ്‌റ്റന്‍റ് തസ്‌തികകളിൽ മൂന്ന് ജീവനക്കാരും ഉണ്ട്.
റോയി ജോൺ രക്ഷാധികാരിയും, ശശിധരൻ, സിന്ധു മനോജ് എന്നിവർ ഭാരവാഹികളുമായ കമ്മറ്റിയാണ് കുടിവെള്ള സമിതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുന്ന ഈ സമയത്ത്, കാഞ്ചിയാർ ചന്ദ്രൻ സിറ്റിയിലെ സ്വജൽ ധാര കുടിവെള്ള സമിതി മാതൃകയാവുകയാണ്.
Also Read: