കോഴിക്കോട്: കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോൾ വലിയ ഡിമാന്‍റുള്ള പഴമാണ് ഡ്രാഗൺ ഫ്രൂട്ട് അഥവ വ്യാളിപ്പഴം. ഡ്രാഗൺ എന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിയെത്തുന്നത് തീ തുപ്പുന്ന ചൈനീസ് വ്യാളിയാകും. അതുകൊണ്ട് എരിവും പുളിയുമൊക്കെയുള്ള പഴം പ്രതീക്ഷിച്ചാല്‍ നിങ്ങൾക്ക് തെറ്റി.
അതീവ രുചികരമായ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. തേനിന്‍റെ മധുരമാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്. ഒരുതവണ രുചിച്ച് നോക്കിയവർക്ക് വീണ്ടും കഴിക്കാൻ തോന്നുന്നത്ര രുചി. അങ്ങനെയുള്ള ഡ്രാഗൺ ഫ്രൂട്ടിന്‍റെ കലവറയാണ് പെരുവയൽ പള്ളിക്കടവിലെമേലെ തച്ചോലത്ത് മല.
നേരത്തെ പാറക്കെട്ടായി ആർക്കും വേണ്ടാതിരുന്ന സ്ഥലമാണ് ഇന്ന് ഡ്രാഗൻ ഫ്രൂട്ട് തോട്ടമാക്കി മാറ്റിയെടുത്തത്. പാരമ്പര്യ കർഷകനായ കണ്ണച്ചോത്ത് അലിയാണ് എഴുപത് സെന്‍റ് സ്ഥലത്ത് ഡ്രാഗൺ ഫ്രൂട്ടിന്‍റെ മാധുര്യം നിറച്ചത്. എല്ല കൃഷികളും ചെയ്‌ത പരിചയമുണ്ടെങ്കിലും ഒരു വർഷം മുമ്പാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാൻ തുടങ്ങിയത്. എട്ടു മാസത്തെ പരിചരണത്തിൽ മികച്ച വിളവാണ് ഇത്തവണ ലഭിച്ചത്.
അലിയുടെ മലേഷ്യൻ റെഡ് ഇനത്തിൽപ്പെട്ട ഡ്രാഗൺ ഫ്രൂട്ടിന്‍റെ മേന്മയെറിഞ്ഞ് മറ്റ് ജില്ലകളിൽ നിന്നടക്കം നിരവധി പേരാണ് വാങ്ങാന്‍ എത്തുന്നത്. പ്രാദേശിക വിപണിയില്‍ തന്നെയാണ് അലിയുടെ ഇപ്പോഴത്തെ വിപണനം. മറ്റ് കൃഷികളൊക്കെ മഴക്കാലത്ത് വരുമാനം ഇല്ലാതെ നഷ്‌ടത്തിലേക്ക് പോകുമ്പോൾ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ നിന്നും വർഷകാലത്തും വരുമാനം ലഭിക്കും എന്നതാണ് പ്രധാന പ്രത്യേകത. കൂടാതെ പരിചരണവും വളരെ കുറച്ചു മതി. ആദ്യ തവണ തന്നെ മികച്ച വിളവ് ലഭിച്ചതോടെ വരും വർഷത്തിൽ പാറക്കെട്ട് നിറഞ്ഞ മലയുടെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി ഡ്രാഗൺ ഫ്രൂട്ട് കൃഷി വ്യാപിപ്പിക്കാനാണ് അലിയുടെ ഉദ്ദേശ്യം.