എറണാകുളം : കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ രോഗം പരത്തിയത് റോട്ടാ, ആസ്ട്രോ വൈറസുകളെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. പരിശോധനാ റിപ്പോർട്ട് ജില്ല ആരോഗ്യ വിഭാഗം ആരോഗ്യമന്ത്രിക്കും വകുപ്പ് ഡയറക്‌ടർക്കും സമർപ്പിച്ചു. ഡിഎൽഎഫ് ഫ്ലാറ്റിലെ കുടിവെള്ളത്തിൽ അണുബാധയുണ്ടായി നിരവധി പേർക്ക് വയറിളക്കവും ഛർദ്ദിയും പിടിപെട്ടത് വെള്ളത്തിലുണ്ടായ ആസ്ട്രോ, റോട്ടാ വൈറസുകളെന്ന് പരിശോധനാഫലങ്ങളിൽ നിന്ന് വ്യക്തമായി.
ഡിഎൽഎഫിലെ അഞ്ച് ബ്ലോക്കുകളിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളുടെ പരിശോധനാ റിപ്പോർട്ടിലാണ് വൈറസുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഫ്ലാറ്റിലെ താമസക്കാർ ഉപയോഗിച്ചിരുന്ന കുടിവെള്ളത്തിൽ രോഗകാരികളായ ഇ കോളി, കോളിഫോം ബാക്‌ടീരിയ സാന്നിധ്യം അപകടകരമായ നിലയിലായിരുന്നെന്ന് സ്വകാര്യ ലാബിന്‍റെ പരിശോധനയിൽ തന്നെ വ്യക്തമായിരുന്നു.
ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ ഫലം ലഭിച്ച മൂന്ന് സാമ്പിളുകളിലും കോളിഫോം ബാക്‌ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ആസ്ട്രോ, റോട്ടാ വൈറസുകൾ സാധാരണ വിസർജ്യത്തിലൂടെയും മലിന ജലത്തിലൂടെയുമാണ് പടരുന്നത്. ഇതിൽ റോട്ടാ വൈറസ് കുട്ടികളെയാണ് ബാധിക്കുന്നത്. ആസ്ട്രോ വൈറസ് ബാധ ഗുരുതരമാകുന്ന സാഹചര്യം അപൂർവമാണ്. അതേസമയം രോഗം ബാധിച്ച ഫ്ലാറ്റിലെ താമസക്കാരിൽ ഭൂരിഭാഗവും രോഗമുക്തരായി. 496 പേർ ചികിത്സ തേടിയതിൽ ഇരുപത്തിയഞ്ചിൽ താഴെ പേർ മാത്രമാണ് ഇപ്പോൾ ചികിത്സയില്‍ തുടരുന്നത്. 15 ടവറുകളിലായി 4095 പേരാണ് കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്നത്.
Also Read: ഡിഎല്‍എഫ് ഫ്ലാറ്റിലെ ഭക്ഷ്യവിഷബാധ ഗൗരവ വിഷയം'; ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വീണ ജോര്‍ജ്