കാസർകോട്: ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും മാറാഠിയിലും അടക്കം ആറു ഭാഷകളിൽ ക്രിക്കറ്റ് കമന്‍ററി മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അനൗൺസ്മെന്‍റ് വരെ നടത്തി ശബ്‌ദം വിസ്‌മയം തീര്‍ക്കുകയാണ് കാസർകോട്ടെ ദിവാകർ ഉപ്പള. ക്രിക്കറ്റ് കമന്‍ററി പറയുമ്പോൾ ഒന്ന് കണ്ണടച്ചാൽ ഒർജിനൽ ക്രിക്കറ്റ് കമന്‍ററി എന്ന് തോന്നി പോകും വിധത്തിലാണ് ദിവാകറിന്‍റെ പ്രകടനം. പ്രാദേശിക മത്സരങ്ങൾ കാണാൻ പോയപ്പോൾ അപ്രതീക്ഷിതമായി കമന്‍ററി പറയാൻ മൈക്ക് കിട്ടി.
അങ്ങനെ പ്രാദേശിക മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമാകുകയായിരുന്നു ദിവാകർ. കുറച്ചു കാലം മുംബൈയിൽ ആയതിനാൽ ഹിന്ദിയിൽ അനൗൺസ്മെന്‍റ് നടത്താൻ ബുദ്ധിമുട്ട് ഉണ്ടായില്ല. കാസർകോടിനെ സംബന്ധിച്ച് പല ഭാഷകൾ സംസാരിക്കുന്ന ആളുകൾ ആയതുകൊണ്ട് തന്നെ ദിവാകറിന്‍റെ കമ്ന്‍ററി ആസ്വദിക്കാന്‍ എപ്പോഴും നിരവധി പേരുണ്ടാകും.
കഴിഞ്ഞ 22 വർഷമായി ദിവാകർ കമന്‍ററി രംഗത്തുണ്ട്. കേരളത്തിൽ ലൈവ് ക്രിക്കറ്റ് കമന്‍ററി കൊണ്ട് വന്നത് താനാണെന്നാണ് ദിവാകർ അവകാശപ്പെടുന്നത്. തുളുവിലും കന്നഡയിലും കമന്‍ററി പറയുന്നതുകൊണ്ട് കർണാടകയിലും ദിവാകറിന്‍റെ സാന്നിധ്യം ഉണ്ടാകാറുണ്ട്.
വിവിധ ഭാഷകളിൽ അനൗൺസ്മെന്‍റെ നടത്തുന്നതിനാൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ദിവാകറിനെ തേടി പാർട്ടിക്കാരും എത്തും. കബഡി മത്സരങ്ങള്‍ നടക്കുമ്പോള്‍ ദിവാകർ ആണോ കമന്‍ററിയെന്ന് പലരും ചോദിക്കാറുണ്ട്. അത്രക്ക് ആവേശത്തോടെയാണ് ദിവാകറിന്‍റെ കമന്‍ററി.
കേരളത്തിൽ നടക്കുന്ന പ്രധാന ക്രിക്കറ്റ്, കബഡി, വടം വലി മത്സരങ്ങളിലും ദിവാകർ പങ്കെടുത്തിട്ടുണ്ട്. സർക്കാരിന്‍റെ പോളിയോ മറ്റു ആരോഗ്യപരമായ മുന്നറിയിപ്പുകൾക്ക് എന്നിവയ്‌ക്ക് ശബ്‌ദം നല്‍കുന്നതും ഇദ്ദേഹമാണ്. വിവിധ മത്സരങ്ങൾക്ക് ശബ്‌ദം കൊണ്ട് ആവേശം പകരാൻ ദുബായിലും ഖത്തറിലും ദിവാകർ എത്തിയിട്ടുണ്ട്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ദിവാകർ ഉപ്പളയുടെ കുടുംബം.