എറണാകുളം: നടൻ ദിലീപിൻ്റെ ശബരിമല വിഐപി ദർശനത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മറ്റുള്ളവരുടെ ദർശനം തടസപ്പെടുത്തിയിട്ടാണോ ഇത്തരം നടപടികളെന്നും വിഷയത്തെ ചെറുതായി കാണാനാകില്ലെന്നും ഹൈക്കോടതി. ദേവസ്വം ബോർഡിനോട് വിശദീകരണം തേടിയ കോടതി വിഷയം നാളെ പരിഗണിക്കാനായി മാറ്റി. ദർശനം തടസപ്പെടുത്തിയുള്ള വിഐപി ദർശനത്തിൽ ജീവനക്കാരോട് വിശദീകരണം തേടിയതായി ദേവസ്വം ബോർഡ് കോടതിയെ വാക്കാല്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി നട അടക്കുന്നതിന് തൊട്ടു മുൻപായിരുന്നു നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. ദർശനത്തിനെത്തിയ ദിലീപിന് വിഐപി പരിഗണന ലഭിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നടപടി ചെറുതായി കാണാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, വിശദീകരണം നൽകാൻ ദേവസ്വം ബോർഡിന് നിർദേശം നൽകുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദിലീപ് ദർശനം നടത്തുന്ന സമയത്ത് എത്ര പേരാണ് നിരന്ന് നിന്നതെന്നും സ്‌ത്രീകളും കുട്ടികളുമടക്കം ക്യൂവിലുണ്ടായിരുന്നവരെ എന്തിനാണ് തടഞ്ഞതെന്നും ചോദ്യമുന്നയിച്ചു. സ്‌ത്രീകളും കുട്ടികളുമാണ് ആ സമയം ക്യൂവിൽ ഉണ്ടായിരുന്നത്. ദര്‍ശനം ലഭിക്കാതെ മടങ്ങിയവര്‍ ആരോട് പരാതി പറയുമെന്നും കോടതി ചോദിച്ചു. ഹരിവരാസനത്തിൻ്റെ സമയത്ത് അവസാനം വരെ നില്‍ക്കാൻ ആര്‍ക്കും പ്രത്യേക പരിഗണന ഇല്ല. ഹൈക്കോടതിയുടെ മുന്‍കാല ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് ഇത്തരം വിഐപി പരിഗണനയെന്നും കോടതി വിമര്‍ശിച്ചു.
പൊലീസിന് ഒരു ചുമതലയും നിര്‍വഹിക്കാനില്ലേയെന്ന് ചോദിച്ച കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. ദിലീപിനെ കേസിൽ കക്ഷി ചേര്‍ക്കുമെന്നും ദേവസ്വം ബെഞ്ച് ഓർമ്മിപ്പിച്ചു. സോപാനത്തെ സിസിടിവി ദൃശ്യങ്ങൾ നാളെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട കോടതി തിങ്കളാഴ്ച വിശദമായ റിപ്പോർട്ട് നൽകാൻ ദേവസ്വം ബോർഡിനും നിർദേശം നൽകി. അതേസമയം വിഷയം ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.
Also Read: നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി; ഭക്തജനത്തിരക്കിൽ ശബരിമല