കണ്ണൂർ : ഉദയഗിരി സ്വദേശിയായ ഭിന്നശേഷിക്കാരനെ സഹോദരീപുത്രൻ കോടാലികൊണ്ട് അടിച്ചുകൊന്നു. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത ദേവസ്യ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ സഹോദരിയുടെ മകൻ ഷൈനിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഞായറാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. ദേവസ്യയെ ഷൈൻ കോടാലികൊണ്ട് അടിച്ചുവീഴ്‌ത്തിയ ശേഷം തലയിൽ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഷൈനും ദേവസ്യയുടെ വീട്ടുകാരും തമ്മിൽ കുറച്ച് നാളുകളായി തർക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം നടന്ന ക്രൂരമായ കൊലപാതകം എന്നാണ് സൂചന. കൊല്ലപ്പെട്ട ദേവസ്യയും സഹോദരൻ തോമസുകുട്ടിയും ഭിന്നശേഷിക്കാരാണ്. സഹോദരിയാണ് രണ്ടുപേരുടെ കാര്യങ്ങളും നോക്കുന്നത്. സംഭവത്തിന് പിന്നാലെ നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് ഷൈനിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.