തിരുവനന്തപുരം: വരുന്ന മണ്ഡലം-മകരവിളക്ക് സീസണില്‍ ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങുന്നു. വെര്‍ച്വല്‍ക്യൂ ബുക്കിങ് ഇല്ലാത്തവര്‍ അടക്കം ശബരിമലയില്‍ എത്തുന്ന ഒരാള്‍ക്കും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പകരം സ്‌പോട് ബുക്കിങ് ഏര്‍പ്പെടുത്തുമോ എന്ന കാര്യം പ്രസിഡന്‍റ് വ്യക്തമാക്കിയില്ല.
സര്‍ക്കാര്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നതിനാല്‍ ഇന്ന് ദേവസ്വം ബോര്‍ഡ് കൈക്കൊണ്ട തീരുമാനം സര്‍ക്കാരിനെ അറിയിക്കുമെന്ന് പ്രസിഡന്‍റ് പറഞ്ഞു. സപോട് ബുക്കിങ്ങിന് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ബോര്‍ഡ് ആവശ്യപ്പെടും. സര്‍ക്കാരുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും.
വെര്‍ച്വല്‍ ക്യൂ എന്നത് ശബരിമലയിലത്തുന്ന ഓരോ ഭക്തരുടെയും ആധികാരിക രേഖയാണ്. എന്നാല്‍ സ്‌പോട് ബുക്കിങ് എന്നത് ശബരിമല പ്രവേശനത്തിനുള്ള പ്രവേശന അനുമതി രേഖ മാത്രമാണ്. ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ശബരിമലയിലെത്തുന്ന ഓരോ ഭക്തരുടെയും ആധികാരിക വിവരങ്ങള്‍ അവരുടെ സുരക്ഷയ്ക്കും ക്ഷേത്ര സുരക്ഷയ്ക്കും അത്യാവശ്യമാണ്. അതിനാല്‍ അത്തരം ആധികാരിക രേഖ ദേവസ്വം ബോര്‍ഡിന്‍റെ കൈവശം ഉണ്ടായേ മതിയാകൂ. ഇക്കാര്യത്തില്‍ വിട്ടു വീഴ്‌ച ചെയ്യാനാകില്ല.
ഓരോ ദിവസവും എത്തിച്ചേരുന്ന ഭക്തരുടെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയുന്നത് ശബരിമലയിലെ തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിന് സഹായിക്കും. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം, പ്രസാദം, അപ്പം, അരവണ എന്നിവ സുഗമായി ലഭിക്കുന്നതിനുള്ള സാഹചര്യം ഇതിലൂടെ ലഭിക്കും. ഓരോ വര്‍ഷവും സ്‌പോട് ബുക്കിങ്ങിലൂടെ ശബരിമലയിലെത്തുന്നവരുടെ എണ്ണം കൂടി വരികയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2022-23 സീസണില്‍ സ്‌പോട് ബുക്കിങ്ങിലൂടെ എത്തിയവരുടെ എണ്ണം 3,95,634 ആയിരുന്നു. 2023-24 വര്‍ഷത്തില്‍ ഇത് 4,85,063 ആയി ഉയര്‍ന്നു. ഓരോ വര്‍ഷവും ഇത്തരത്തില്‍ പ്രതീക്ഷിക്കാതെ എത്തുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്നത് തിരക്ക് നിയന്ത്രണ സംവിധാനങ്ങള്‍ പാളുന്നതിന് കാരണമാകുന്നുണ്ട്. ഇതിന്‍റെ പഴിയും ഏല്‍ക്കേണ്ടി വരുന്നത് ദേവസ്വം ബോര്‍ഡിനാണ്.
ആളുകളുടെ എണ്ണം കൂട്ടി വരുമാനം വര്‍ധിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡ് ഉദ്ദേശിക്കുന്നതെങ്കില്‍ എണ്ണം നിയന്ത്രിക്കേണ്ട ആവശ്യമില്ല. പക്ഷേ ഭക്തരുടെയും ക്ഷേത്രത്തിന്‍റെയും സുരക്ഷയില്‍ വീഴ്‌ച വരുത്താനാകില്ല. ഭക്തരുടെ എണ്ണം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ ബുക്കിങ് വഴി നിര്‍ബന്ധമാക്കിയതെന്നും ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു.
ഇതുസംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ഭക്തര്‍ക്ക് അവബോധമുണ്ടാക്കുന്നതിലേക്ക് അതാത് സംസ്ഥാനങ്ങളിലെ പ്രാദേശിക പത്രങ്ങള്‍ വഴി പരസ്യം നല്‍കുന്ന കാര്യം ആലോചിക്കുന്നുണ്ട്. അതാത് സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുമായി ചര്‍ച്ച നടത്തി ഇതുസംബന്ധിച്ച് അവരവരുടെ സംസ്ഥാനങ്ങളില്‍ അവര്‍ തന്നെ ഒരു പത്രസമ്മേളനം വിളിച്ചു ചേര്‍ക്കണം എന്ന ആവശ്യവും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുമെന്ന് പ്രസിഡന്‍റ് പറഞ്ഞു.
ശബരിമല ദര്‍ശന സമയം ദീര്‍ഘിപ്പിച്ചു; സന്നിധാനത്തെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ശബരിമല ദര്‍ശന സമയം ഈ സീസണില്‍ വര്‍ധിപ്പിക്കുമെന്ന് പ്രസിഡന്‍റ് പറഞ്ഞു. പുലര്‍ച്ചെ 3 മണിമുതല്‍ ഉച്ചക്ക് 1 മണിവരെയും ഉച്ചയ്ക്കുശേഷം 3 മണി മുതല്‍ രാത്രി 11 വരെയും ദര്‍ശനം അനുവദിക്കും. ഒരു ദിവസം 17 മണിക്കൂര്‍ ദര്‍ശനമാണ് അനുവദിക്കുന്നത്.
Also Read: 'ശബരിമലയില്‍ സ്‌പോട് ബുക്കിങ് തുടരണം, ഭക്തരുടെ സൗകര്യം സര്‍ക്കാര്‍ പരിഗണിക്കണം': രമേശ് ചെന്നിത്തല.