തിരുവനന്തപുരം : ഫ്ലാറ്റ് നിര്‍മ്മാണത്തിലെ പിഴവിന് നിര്‍മ്മാണ കമ്പനി ഉടമകള്‍ക്ക് നാല് കോടി രൂപയില്‍ കൂടുതല്‍ നഷ്‌ടപരിഹാരവും അതിന്‍റെ പലിശയും നൽകാൻ വിധി. പലിശ അടക്കം 6,20,70,892 നല്‍കണമെന്നാണ് റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അഡ്ജ്യൂഡിക്കേറ്റിംഗ് ഓഫീസര്‍ ശരത്ചന്ദ്രന്‍ വിധിച്ചത്.
തിരുവനന്തപുരം കുന്നുകുഴിയില്‍ നിര്‍മ്മിച്ച സ്വകാര്യ നിര്‍മ്മാണ കമ്പനിയാണ് 18 ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്‌ട പരിഹാരം നല്‍കേണ്ടത്. നിര്‍മ്മാണ പിഴവിന് പുറമെ വിവിധ ഇനങ്ങളിലായി ഫ്ലാറ്റ് ഉടമകളില്‍ നിന്ന് വാങ്ങിയ അമിത തുകയും നഷ്‌ട പരിഹാരമായി നല്‍കണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു.
വൈദ്യുതി കണക്ഷനായി നിര്‍മ്മാണ കമ്പനി ഏറ്റവും കിറഞ്ഞത് 1,20,000 രൂപ വച്ച് വാങ്ങിയിരുന്നു. എന്നാല്‍ നിര്‍മ്മാണ കമ്പനി വൈദ്യുതി ബോര്‍ഡില്‍ അടച്ചത് 4050 രൂപ മാത്രമായിരുന്നു. ഒരോ ഉടമകള്‍ക്കും യഥാര്‍ത്ഥ തുകയുടെ ബാക്കി തുക പലിശ അടക്കം മടക്കി നല്‍കണം. ഫ്ലാറ്റ് വിലയുടെ ഒരു ശതമാനം നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ അടയ്ക്കാന്‍ എന്ന വ്യാജേന നിര്‍മ്മാണ കമ്പനി ഫ്ലാറ്റ് ഉടമകളില്‍നിന്ന് വാങ്ങിയിരുന്നു.
അതോറിറ്റിയുടെ പരിശോധനയില്‍ തുച്ഛമായ തുകയാണ് നിര്‍മ്മാണ കമ്പനി ക്ഷേമനിധിയില്‍ അടച്ചതെന്ന് കണ്ടെത്തിയിരുന്നു. നിര്‍മ്മാണ ക്ഷേമനിധിയില്‍ പണം അടയ്‌ക്കേണ്ട ബാധ്യത നിര്‍മ്മാണ കമ്പനിക്കാണെന്നും ഫ്ലാറ്റ് ഉടമകള്‍ക്ക് അല്ലെന്നും അതോറിറ്റി വിധിച്ചു. ഒറ്റതവണ നികുതി ഫ്‌ളാറ്റ് ഉടമകളില്‍നിന്ന് വാങ്ങുന്നത് നിയമ വിരുദ്ധമാണെന്നും ഒറ്റതവണ നികുതി അടയ്‌ക്കേണ്ട ബാധ്യത നിര്‍മ്മാണ കമ്പനിയുടേതാണെന്നുമാണ് അതോറിറ്റിയുടെ വിലയിരുത്തല്‍.
തിരുവനന്തപുരം സര്‍ക്കാര്‍ ഇഞ്ചിനീയറിംഗ് കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ വി. ബിജുവിനെ കമ്മീഷനായി നിയമിച്ച് ഫ്‌ളാറ്റുകളുടെ വിസ്‌തീര്‍ണവും നിര്‍മ്മാണത്തിന്‍റെ ഗുണമേന്മയും പരിശോധിച്ചതില്‍ വന്‍ക്രമക്കേടും ഗുരുതര വീഴ്‌ചയുമാണ് അതോറിറ്റി കണ്ടെത്തിയത്.
ഫ്‌ളാറ്റുകളില്‍ പലതിലും വിളളല്‍ വീണതായി കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഇതു വഴി ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഉണ്ടായ മനോവിഷമത്തിന് നഷ്‌ടപരിഹാരം നല്‍കണമെന്നും അതോറിറ്റി വിധിച്ചു. വിസ്‌തീര്‍ണത്തില്‍ വന്ന കുറവിനും കാര്‍പോര്‍ച്ചിന് അനുവദിച്ചിരുന്ന സ്ഥലത്തിന് വന്ന കുറവിനും അമിതമായി ഈടാക്കിയ തുക പലിശ അടക്കം മടക്കി നല്‍കാനും അതോറിറ്റി വിധിച്ചു.