ഹൈദരാബാദ് : 2004 മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ പട്ടിക പുറത്ത്. സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് പട്ടികയില്‍ ഒന്നാമതുള്ളത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികളില്‍ മൂന്നാം സ്ഥാനത്താണ് സുരേന്ദ്രന്‍.
2014 ല്‍ ആം ആദ്‌മി പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിച്ച കൂടംകുളം ആണവ നിലയ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ നായകന്‍ എസ് പി ഉദയ കുമാറിനെതിരെയാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുള്ളത്. പിഎച്ച്‌ഡി വിദ്യാഭ്യാസ യോഗ്യതയുള്ള എസ്.പി ഉദയകുമാര്‍ പിന്നീട് ആം ആദ്‌മി പാര്‍ട്ടി വിട്ടിരുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഉദയകുമാര്‍ പാര്‍ട്ടി വിട്ടത്. രാഷ്ട്രീയത്തില്‍ സജീവമല്ലെങ്കിലും ഉദയകുമാര്‍ ജനകീയ പ്രസ്ഥാനങ്ങളുമായും പരിസ്ഥിതി പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് പ്രവൃത്തിക്കുന്നുണ്ട്.
കൂടംകുളം ആണവ നിലയത്തിനെതിരായ പ്രക്ഷോഭത്തിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയ തമിഴ് നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നുള്ള എം പുഷ്‌പരായനാണ് ലോക്‌സഭാ സ്ഥാനാര്‍ത്ഥികളില്‍ ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍ രണ്ടാമതുള്ളത്. കൂടംകുളത്തിനടുത്തുള്ള തൂത്തുക്കുടി മണ്ഡലത്തില്‍ ആം ആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച പുഷ്‌പരായനെതിരെയുള്ളത് 380 ക്രിമിനല്‍ കേസുകളാണ്. ബിരുദധാരിയായ പുഷ്‌പരായനും 2014ലെ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയം വിട്ടു.
ക്രിമിനല്‍ കേസുകളില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത് കേരള നേതാക്കളാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെയുള്ളത് 240 കേസുകളാണ്. യൂത്ത കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും ഇടുക്കി എം പി.യുമായ ഡീന്‍ കുര്യാക്കോസാണ് പട്ടികയില്‍ നാലാമതുള്ളത്. 204 കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്.
ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് കേരളത്തില്‍ നിന്ന് പട്ടികയിലുള്ള അടുത്ത നേതാവ്. ഏറ്റവുമധികം കേസുകളുള്ളവരുടെ കൂട്ടത്തില്‍ പതിനാറാം സ്ഥാനത്താണ് ശോഭാ സുരേന്ദ്രന്‍. 40 ക്രിമിനല്‍ കേസുകളാണ് തനിക്കെതിരെയുള്ളതെന്ന് ശോഭാ സുരേന്ദ്രന്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ബിജെപിയില്‍ നിന്നു തന്നെയുള്ള യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കറ്റ് പ്രകാശ് ബാബു 22 കേസുകളുമായി നാല്‍പ്പത്തി രണ്ടാം സ്ഥാനത്തുണ്ട്. മുന്‍ കാസര്‍ഗോഡ് എം പി പി. കരുണാകരനെതിരെയുള്ളത് 20 കേസുകളാണ്. കഴിഞ്ഞ തവണ പാലക്കാട് മണ്ഡലത്തില്‍ മല്‍സരിച്ച മന്ത്രി എം ബി രാജേഷിനെതിരെയുള്ളത് 16 കേസുകളാണ്.
സിന്ധു ജോയി 11, പികെ ശ്രീമതി 10, പി ജയരാജന്‍ 10, സിബി ചന്ദ്രബാബു 10, സി കൃഷ്ണകുമാര്‍ 10, ജോയ്സ് ജോര്‍ജ് 9, വിപി സാനു 9,അടൂര്‍ പ്രകാശ് 7, ഹൈബി ഈഡന്‍ 7, വികെ ശ്രീകണ്ഠന്‍, ടി എന്‍ പ്രതാപന്‍, ടി. സിദ്ധിഖ് 7 വീതം, പി രാജീവ് 6, എന്‍ കെ പ്രേമ ചന്ദ്രന്‍ 5, രാഹുല്‍ ഗാന്ധി 5, മാണി സി കാപ്പന്‍ 4,മാത്യു ടി തോമസ് 4, ബെന്നി ബെഹനാന്‍, കോടിക്കുന്നില്‍ സുരേഷ്, സി എസ് സുജാത, എന്‍ എന്‍ കൃഷ്ണദാസ് 4 വീതം,വി മുരളീധരന്‍, ശശി തരൂര്‍ 2 വീതം എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.അതേസമയം, കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി, തോമസ് ചാഴിക്കാടന്‍, അബ്‌ദുള്‍ സമദ് സമദാനി എന്നിവര്‍ക്കെതിരെ ഒറ്റ കേസ് പോലുമില്ല.
Also Read : ഇലക്‌ടറൽ ബോണ്ട് കേസ്; എസ്ബിഐക്ക് തിരിച്ചടി, വിവരങ്ങള്‍ നാളെ നല്‍കണമെന്ന് സുപ്രീംകോടതി