വയനാട് : മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും ഉരുള്‍പൊട്ടലിന് ശേഷം കണ്ടെത്തിയ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും മുഴുവൻ ഇന്ന് (05-08-2024) സംസ്‌കരിക്കും. ഇത്തരത്തിൽ ഏതാണ്ട് നൂറോളം മൃതദേഹങ്ങളും ശരീര ഭാഗങ്ങളുമുണ്ട്. ഉച്ചവരെ ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഡോ. അബ്‌ദുൾ കലാം കമ്മ്യൂണിറ്റി ഹാളിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ കൊണ്ടു പോകുക. ഇതിന് മുമ്പ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞാൽ ബന്ധുക്കൾക് വിട്ട് നൽകും.
തിരിച്ചറിയാനാകാത്ത 32 പേരുടെ മൃതദേഹം ഇന്നലെ സംസ്‌കരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും 8 പേരുടെ മൃതദേഹമാണ് സംസ്‌കരിച്ചത്. ഇന്നലെ സംസ്‌കാരം നടന്ന പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്‍റേഷന്‍ ഭൂമിയിലാണ് ഇന്നും സംസ്‌കാര ചടങ്ങുകൾ നടക്കുക.
അതിനിടെ, ദുരന്തത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനക്കായി ബന്ധുക്കളുടെ രക്ത സാമ്പിളും ശേഖരണവും തുടങ്ങി. ആദ്യ ഘട്ടത്തില്‍ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും. ഇന്നും മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരിമൊട്ട പ്രദേശങ്ങളിൽ തെരച്ചിൽ നടക്കുന്നുണ്ട്. ചാലിയാർ പുഴയിലൂടെ 210 ഓളം മൃതദേഹങ്ങളും ശരീര ഭാഗങ്ങളുമാണ് ഒഴുകി വന്നത്.
Also Read : ദുരിതാശ്വാസ നിധിയുടെ പേരിൽ തട്ടിപ്പ് വ്യാപകമാകുന്നു: കുണ്ടറയിൽ വ്യാജ പണപ്പിരിവിന് ശ്രമം നടത്തി മധ്യവയസ്‌കന്‍