തിരുവനന്തപുരം : പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉൾപ്പെട്ട ശേഷം വർഷങ്ങളോളം സർക്കാർ ജോലിക്കായി കാത്തിരിക്കുന്നവർ നിരവധിയാണ്. പലർക്കും പ്രായം കഴിയുന്നതോടെ പിന്നീട് അവസരം ലഭിക്കാറുമില്ല. അങ്ങനെയൊരു അവസ്ഥയിലാണ് സിവില്‍ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ഉദ്യോഗാർഥികൾ. ഏഴ് ജില്ലകളിലെ 13,000 ത്തിലധികം വരുന്ന ഉദ്യോഗാർഥികളാണ് നിയമനത്തിനായി കാത്തിരിക്കുന്നത്.
ഇവരുടെ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി ഏപ്രിൽ 13ന് അവസാനിക്കും. റാങ്ക് ലിസ്റ്റില്‍ ഉൾപ്പെട്ട 25% ഉദ്യാഗാർഥികൾക്ക് മാത്രമാണ് നിയമനം ലഭിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് നല്‍കിയ പരാതികൾക്ക് കൃത്യമായ മറുപടിയില്ല. കേരളത്തില്‍ ശുപാർശ മാത്രമാണ് നടക്കുന്നതെന്നും നിയമനം നടക്കുന്നില്ലെന്നും ഉദ്യോഗാർഥികൾ പറയുന്നു.
നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് നവ കേരള സദസ്സിൽ നൽകിയ പരാതി ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പിലേക്ക് കൈമാറിയെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇവർ പറയുന്നു. പരാതികൾ നല്‍കി മടുത്തതോടെ സെക്രട്ടേറിയറ്റ് ഉപവാസം അടക്കമുള്ള സമര വഴിയിലാണ് ഉദ്യോഗാർഥികൾ.
Also Read: കേരളത്തിൽ നിന്നുള്ള അമ്മയും മകനും ഒരുമിച്ച് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ എഴുതി