തിരുവനന്തപുരം : ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ അതേ പ്രഹരം രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്തുമേറ്റ സാഹചര്യത്തില്‍ തിരിച്ചടി വിലയിരുത്താന്‍ സിപിഎമ്മിന്‍റെ വിപുലമായ നേതൃയോഗം ജൂണ്‍ 16 മുതല്‍. പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്‍ററില്‍ ജൂണ്‍ 16 നും 17 നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും 18 മുതല്‍ 20 വരെ സംസ്ഥാന സമിതിയും യോഗം ചേരും.
കനത്ത തോല്‍വിയുടെ കാരണങ്ങള്‍ക്കുമപ്പുറം സിപിഎമ്മിന്‍റെ ഉരുക്കു കോട്ടകളില്‍ കോണ്‍ഗ്രസും ബിജെപിയും നടത്തിയ അപ്രതീക്ഷിത മുന്നേറ്റം സിപിഎം പ്രത്യേകം വിലയിരുത്തും. തിരുത്തല്‍ നടപടികള്‍ എന്തൊക്കെ എന്നത് സംബന്ധിച്ച വിലയിരുത്തലും നടത്തും. 2019 ല്‍ ശബരിമല യുവതീ പ്രവേശവും രാഹുല്‍ ഗാന്ധിയുടെ വയനാട് സാന്നിധ്യവുമാണ് തിരിച്ചടിച്ചതെന്ന് വിലയിരുത്തിയെങ്കില്‍ അത്തരം വിരുദ്ധ വികാരങ്ങളൊന്നുമില്ലാതിരുന്നിട്ടും 2019 ലേതിലും വലിയ ദയനീയ തോല്‍വി എങ്ങനെ സംഭവിച്ചു എന്നു കണ്ടെത്തുക സിപിഎമ്മിന് എളുപ്പമല്ല.
ബിജെപിയെ കേരളത്തില്‍ തടഞ്ഞു നിര്‍ത്തുന്നതു സിപിഎമ്മാണെന്ന അവരുടെ സ്ഥിരം വാദമുഖങ്ങളെല്ലാം ഈ തെരഞ്ഞെടുപ്പില്‍ പൊളിഞ്ഞു. ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടും ബഹുഭൂരിപക്ഷം എംഎല്‍എമാരും എല്‍ഡിഎഫിനൊപ്പമുള്ള തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി വിജയിച്ചത് സിപിഎമ്മിനു ന്യായീകരിക്കാന്‍ കഴിയാവുന്നതിലുമപ്പുറത്തെ തോല്‍വിയാണ്.
സിപിഎമ്മിന്‍റെ ഉറച്ച കോട്ടയായ കാസര്‍കോട് കഴിഞ്ഞ തവണയുണ്ടായത് അപ്രതീക്ഷിതമാണെന്നും ഇത്തവണ സീറ്റ് തിരിച്ചു പിടിക്കാമെന്നും പ്രതീക്ഷിച്ച സിപിഎമ്മിന്‍റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചുകൊണ്ട് 1,00,649 വോട്ടുകള്‍ക്കാണ് രാജ്‌മോഹൻ ഉണ്ണിത്താന്‍ അവിടെ നിന്ന് വിജയിച്ചത്. മത്രമല്ല, പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം ലഭിച്ചെങ്കിലും പ്രതീക്ഷിച്ച നിലിയിലെത്തിക്കാനായില്ല. ഉരുക്കു കോട്ടയായ കല്യാശേരിയില്‍ വെറും 1058 വോട്ടിന്‍റെ മാത്രം ഭൂരിപക്ഷമേ നേടാനുമായുള്ളൂ. ഇത്തരത്തില്‍ മണ്ഡലം തിരിച്ചുള്ള വിശകലനത്തിനാണ് ഇത്രയും ദീര്‍ഘമായ നേതൃയോഗത്തിന് സിപിഎം തയ്യാറെടുക്കുന്നത്.