കോഴിക്കോട്: സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറിയെ മുൻ പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗം വെട്ടിക്കൊലപ്പെടുത്തി. പെരുവട്ടൂർ പുളിയോറ വയലിൽ പി വി സത്യനാഥൻ (62) ആണ് കൊല്ലപ്പെട്ടത് (CPM Leader stabbed to death). വ്യാഴാഴ്‌ച (ഫെബ്രുവരി 22) രാത്രി 10 മണിയോടെ മുത്താമ്പി ചെറിയപ്പുറം പരദേവത ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെയാണ് സംഭവം (Koyilandy CPM Leader murder).
സത്യനാഥന്‍റെ ശരീരത്തിൽ നാലിലധികം വെട്ടേറ്റിട്ടുണ്ട്. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇയാളെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതകം നടത്തിയ പെരുവട്ടൂർ പുറത്തോന അഭിലാഷ് (33) പൊലീസിൽ കീഴടങ്ങി.
മുൻ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും മുൻ നഗരസഭ ചെയർമാന്‍റെ ഡ്രൈവറുമായിരുന്നു അഭിലാഷ്. സത്യനാഥനുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നിലവിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന വാഹനത്തിലെ ഡ്രൈവറാണ് അഭിലാഷ്.
സിപിഎം ജില്ല സെക്രട്ടറി പി മോഹനൻ, എ പ്രദീപ് കുമാർ തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും ആശുപത്രിയിലേക്ക് എത്തി. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊയിലാണ്ടി സി ഐ മെൽവിൻ ജോസഫിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
ലതികയാണ് ഭാര്യ. മക്കൾ സലിൽ നാഥ്, സെലീന. കൊലപാതകത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്‌ച (ഫെബ്രുവരി 23) കൊയിലാണ്ടി നഗരസഭയിലും ചെങ്ങോട്ട്കാവ്, ചേമഞ്ചേരി, അരിക്കുളം, കീഴരിയൂർ പഞ്ചായത്തുകളിലും സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്‌തു.