കൊല്ലം: പുനലൂരിൽ സിപിഎം കൗൺസിലറെ പാർട്ടി മുൻ ഓഫിസ് സെക്രട്ടറി മർദ്ദിച്ച സംഭവം ഒതുക്കി തീർക്കാൻ പാർട്ടി നേതൃത്വം ശ്രമിക്കുന്നതായി ആക്ഷേപം. ആയുധം കൊണ്ട് മുഖത്ത് മുറിവേൽപിച്ചിട്ടും പൊലീസ് കേസെടുത്തത് നിസാരവകുപ്പുകൾ ചുമത്തി.
അതേസമയം ആശുപത്രി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ നിലവിലെ ഓഫിസ് സെക്രട്ടറിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. പുനലൂർ നഗരസഭ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാനും എൽഡിഎഫ് പാർലമെന്‍ററി പാർട്ടി ലീഡറും സിപിഎം പുനലൂർ സൗത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ ബിനോയി രാജനെയാണ് സിപിഎം ഏരിയ കമ്മറ്റി ഓഫിസ് സെക്രട്ടറി ആയിരുന്ന ആദർശ് മർദ്ദിച്ചത്.
സംഭവത്തിൽ പാർട്ടി നേതാവായ ബിനോയ് രാജന് സംരക്ഷണം നൽകുന്നതിനു പകരം പ്രതിയായ ആദർശിനെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായാണ് ആക്ഷേപം ഉള്ളത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ട ആദർശ് ഇതിന്‍റെ വൈരാഗ്യത്തിലാണ് മർദ്ദിച്ചത്. വി ബിനോയ് രാജന്‍റെ മുഖത്ത് ആദർശ് കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
എന്നിട്ടും നിസാര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കാൻ കാരണം ജില്ലയിലെ ചില പാർട്ടി നേതാക്കളുടെ സമ്മർദ്ദം ആണെന്നാണ് സൂചന. അതേസമയം, പരിക്കേറ്റ ബിനോയി രാജനെ പ്രവേശിപ്പിച്ച പുനലൂർ താലൂക്ക് ആശുപത്രിയിൽ, ആദർശിനൊപ്പമെത്തി തള്ളിക്കയറാൻ ശ്രമിക്കുകയും ഇത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരൻ കടക്കൽ സ്വദേശി രതീഷിനെ മർദ്ദിക്കുകയും ചെയ്‌ത സംഭവത്തിൽ നിലവിലെ ഓഫിസ് സെക്രട്ടറി ആരോമലിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു.
പാർട്ടി ഇടപെട്ട് സെക്യൂരിറ്റി ജീവനക്കാരന്‍റെ പരാതി പിൻവലിപ്പിച്ചതിനാലാണ് പൊലീസ് സ്വമേധയാ കേസെടുത്തതെന്നാണ് വിവരം. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുകാരെയും ആരോമൽ മർദിച്ചിരുന്നു. ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്ത് ആരോമലിനെ ജയിലിലടച്ചു.
അതേസമയം പാർട്ടിയിൽ നിന്നും പുറത്താക്കിയതിന്‍റെ വൈരാഗ്യത്തിൽ ബ്രാഞ്ച് സെക്രട്ടറി വിനോദിന്‍റെ വീട്ടിൽ വടിവാളുമായി അതിക്രമിച്ചു കയറി ആദർശ് അക്രമം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറാകാത്തതും പ്രതിഷേധത്തിന് വഴിവയ്ക്കുകയാണ്.
ALSO READ: 'രാഷ്‌ട്രീയ എതിരാളികളെ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയ സംഘമായി സിപിഎം മാറിക്കഴിഞ്ഞു': വിഡി സതീശന്‍