എറണാകുളം: തിരുവനന്തപുരം വഞ്ചിയൂരിൽ പൊതുവഴി തടഞ്ഞ് നടത്തിയ സിപിഎം ഏരിയാ സമ്മേളനത്തിൽ പൊലീസിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. റോഡിൽ കെട്ടിയ സ്റ്റേജ് അഴിച്ച് മാറ്റിയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലേയെന്ന് കോടതി ചോദിച്ചു. കുറ്റം ചെയ്‌തവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ച കോടതി വിഷയത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടി. പൊലീസ് സ്റ്റേഷൻ്റെ മുന്നിലല്ലേ സിപിഎം വഞ്ചിയൂർ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിന് സ്റ്റേജ് കെട്ടിയതെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശന രൂപേണയുള്ള ആദ്യ ചോദ്യം.
'സ്‌റ്റേജ് അഴിച്ചുമാറ്റിയില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത്? വിഷയം സംസ്ഥാന പൊലീസ് മേധാവി അറിഞ്ഞോ? സമ്മേളനത്തിൽ പങ്കെടുത്തവരും പ്രസംഗിച്ചവരും ആരൊക്കെ? സ്‌റ്റേജില്‍ ആരൊക്കെയാണ് ഇരുന്നത്, അവരെ പ്രതികളാക്കിയോ?ഏതൊക്കെ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്? അവിടെയുണ്ടായിരുന്ന നാടക സംഘത്തിൻ്റെ വാഹനം പിടിച്ചെടുത്തോ? പ്രവര്‍ത്തകര്‍ എത്താനായി സ്‌കൂള്‍ ബസ് ഉപയോഗിച്ചോ? തുടങ്ങി ചോദ്യശരങ്ങളെറിഞ്ഞ കോടതി പൊലീസിൻ്റെ ചുമതലയെന്താണെന്നും വിമർശനമുന്നയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്റ്റേജ് നീക്കം ചെയ്യാൻ സമ്മേളന കൺവീനറായ വഞ്ചിയൂർ ബാബുവിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും, അനുസരിച്ചില്ലെന്നും എസ്‌എച്ച്‌ഒ മറുപടി നൽകി. ചായക്കട ഇട്ടാൽ പൊളിച്ചു മാറ്റാറില്ലേയെന്നു കുറ്റപ്പെടുത്തിയ കോടതി പ്രഥമദൃഷ്‌ടിയാല്‍ നിരവധി കുറ്റകൃത്യങ്ങളുണ്ടെന്ന് വാര്‍ത്താ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നിരീക്ഷിച്ചു.
'പൊതുവഴി തടഞ്ഞുള്ള പരിപാടി പൊലീസ് തടയണമായിരുന്നു. കുറ്റം ചെയ്‌തവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണം. സമ്മേളനത്തിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ തിങ്കളാഴ്‌ച ഡിജിപിയെ അറിയിക്കണമെന്നും' കോടതി പറഞ്ഞു. പൊലീസ് ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കണമെന്നും, ഭരണപക്ഷമാണോ പ്രതിപക്ഷമാണോ എന്ന് നോക്കിയല്ല നിയമ നടപടി സ്വീകരിക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു.
വഞ്ചിയൂരിലേതിന് സമാനമായി സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന ജോയിൻ്റ് കൗൺസിൽ സമരത്തെയും കോടതി രൂക്ഷമായി വിമർശിച്ചു. ഈ വിഷയത്തിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി പോലീസ് മേധാവിയോടാവശ്യപ്പെട്ടു.